അമേരിക്കയുടെ വിലക്ക് ലംഘിച്ച് ചൈനീസ് സൈനിക സർവകലാശാല; കൈക്കലാക്കിയത് എൻവിഡിയയുടെ കരുത്തുറ്റ എഐ ചിപ്പുകൾ

വാഷിംഗ്ടൺ: അമേരിക്കൻ കയറ്റുമതി നിയന്ത്രണങ്ങളും കരിമ്പട്ടികയും മറികടന്ന്, ചൈനീസ് സൈന്യവുമായി (പീപ്പിൾസ് ലിബറേഷൻ ആർമി) അടുത്ത ബന്ധമുള്ള സർവകലാശാല അമേരിക്കൻ കമ്പനിയായ എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകൾ വാങ്ങിയതായി റിപ്പോർട്ട്. ചൈനയുടെ പ്രതിരോധ ഗവേഷണ സർവകലാശാലകളുടെ കൂട്ടായ്മയിലുൾപ്പെട്ട നോർത്ത് വെസ്റ്റേൺ പോളിടെക്നിക്കൽ യൂണിവേഴ്സിറ്റിയാണ് എൻവിഡിയയുടെ കരുത്തുറ്റ ‘H200’ എഐ ചിപ്പുകൾ സ്വന്തമാക്കിയത്.

അത്യാധുനിക സാങ്കേതികവിദ്യ ചൈനയ്ക്ക് ലഭിക്കുന്നത് തടയാനുള്ള വാഷിംഗ്ടണിന്റെ നീക്കങ്ങളിലെ വൻ വീഴ്ചയിലേക്കാണ് സർവകലാശാലയുടെ പർച്ചേസ് രേഖകൾ വിരൽചൂണ്ടുന്നത്.

സർവകലാശാലയുടെ വെബ്സൈറ്റിലുള്ള ഒക്ടോബർ 21-ലെ രേഖകൾ പ്രകാരം, 8,74,700 യുവാൻ (ഏകദേശം 1.23 ലക്ഷം ഡോളർ) ചെലവഴിച്ചാണ് രണ്ട് H200 ചിപ്പുകൾ വാങ്ങിയത്. എൻവിഡിയയിൽ നിന്ന് നേരിട്ടല്ല, മറിച്ച് ‘ഷാൻക്സി ബോസുവാൻ നെറ്റ്‌വർക്ക് ടെക്നോളജി’ എന്ന ചൈനീസ് കമ്പനി വഴിയാണ് സർവകലാശാലയുടെ മാനേജ്‌മെന്റ് സ്കൂളിനായി ഇവ വാങ്ങിയത്. ഇതിനുപുറമെ, മറ്റ് ചൈനീസ് കമ്പനികളിൽ നിന്ന് കമ്പ്യൂട്ടിംഗ് ശേഷി വാടകയ്‌ക്കെടുക്കുന്ന അഞ്ച് കരാറുകളിലൂടെയും ഇത്തരം എൻവിഡിയ പ്രോസസ്സറുകളുടെ സേവനം സർവകലാശാല ഈ വർഷം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ചൈനയിലേക്കുള്ള എഐ ചിപ്പ് വിൽപ്പനയിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് സമ്മർദ്ദം ചെലുത്തുന്നതിനെതിരെ യുഎസിൽ വിമർശനം ശക്തമാകുന്നതിനിടെയാണ് ഈ വിവരം പുറത്തുവരുന്നത്. ചൈനീസ് ചാരവൃത്തി നീക്കത്തിന്റെ ലക്ഷ്യമായിരുന്നു ഹുവാങ് എന്ന തരത്തിലുള്ള റിപ്പോർട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. ചൈനീസ് രഹസ്യാന്വേഷണ ഏജന്റുമായുള്ള ബന്ധത്തെക്കുറിച്ച് വിശദീകരണം തേടി യുഎസ് കോൺഗ്രസിലെ മൂന്ന് റിപ്പബ്ലിക്കൻ കമ്മിറ്റി ചെയർമാൻമാർ നവംബർ 18-ന് ഹുവാങ്ങുമായി കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

ചൈനയിലേക്ക് ചിപ്പുകൾ വിൽക്കുന്നത് അമേരിക്കയുടെ സാങ്കേതിക ആധിപത്യം നിലനിർത്താൻ സഹായിക്കുമെന്നാണ് ഹുവാങ്ങിന്റെ വാദം. എന്നാൽ, ഈ ചിപ്പുകൾ ആയുധ നിർമ്മാണത്തിനും സൈനിക നവീകരണത്തിനും ചൈന ഉപയോഗിക്കുമെന്ന് യുഎസ് നിയമനിർമ്മാതാക്കൾ ആശങ്കപ്പെടുന്നു. ചിപ്പുകൾ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനങ്ങളും കർശന മേൽനോട്ടവും വേണമെന്ന് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും ഒരുപോലെ ആവശ്യപ്പെടുന്നുണ്ട്.

സൈനിക വിമാനങ്ങൾ, മിസൈലുകൾ, ഉപഗ്രഹങ്ങൾ എന്നിവയുടെ ഗവേഷണം നടത്തുന്ന സിയാൻ ആസ്ഥാനമായുള്ള നോർത്ത് വെസ്റ്റേൺ പോളിടെക്നിക്കൽ യൂണിവേഴ്സിറ്റിയെ 2001-ലാണ് യുഎസ് വാണിജ്യ വകുപ്പ് വ്യാപാര കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. 2019-ൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുകയും ചെയ്തു.

ഈ വർഷത്തെ 26 ചൈനീസ് പർച്ചേസ് രേഖകൾ പരിശോധിച്ചതിൽ, സൈനിക ബന്ധമുള്ള നിരവധി ചൈനീസ് സ്ഥാപനങ്ങൾ പ്രാദേശിക വിതരണക്കാർ വഴി യുഎസ് നിയന്ത്രണമുള്ള ചിപ്പുകൾ വാങ്ങുകയോ സെർവറുകൾ വാടകയ്‌ക്കെടുക്കുകയോ ചെയ്യുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ പ്രതികരിക്കാൻ സർവകലാശാലയോ എൻവിഡിയയോ യുഎസ് വാണിജ്യ വകുപ്പോ തയ്യാറായിട്ടില്ല.

Chinese military university defies US ban; acquires powerful Nvidia AI chips

More Stories from this section

family-dental
witywide