സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്ക് കൂട്ടാൻ തീരുമാനം; പണിമുടക്ക് പിൻവലിച്ചു

സംസ്ഥാനത്ത് ഓട്ടോറിക്ഷാ, ടാക്‌സി നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനം. അടുത്തവർഷം ജനുവരി ഒന്ന് മുതലാകും പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക. ഗതാഗതമന്ത്രി സി.പി. ജോണുമായി തൊഴിലാളി യൂണിയൻ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് നിരക്ക് വർധന സംബന്ധിച്ച് ധാരണയായത്. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിനെ തുടർന്ന് വ്യാഴാഴ്ച നടത്താനിരുന്ന 24 മണിക്കൂർ ഓട്ടോ, ടാക്‌സി പണിമുടക്ക് യൂണിയനുകൾ പിൻവലിച്ചു.

നിലവിലെ മിനിമം ചാർജായ 30 രൂപ 50 രൂപയാക്കി ഉയർത്തണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ പ്രധാന ആവശ്യം. 2022 ഏപ്രിൽ 22-ന് പരിഷ്കരിച്ച നിരക്കിൽ മാറ്റം വരുത്തണമെന്ന ആവശ്യം തത്വത്തിൽ അംഗീകരിച്ച സർക്കാർ, നിരക്ക് വർധന പഠിക്കാൻ ഉടൻ കമ്മിഷനെ നിയോഗിക്കും. ഈ കമ്മിഷൻ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എത്ര രൂപയാണ് കൂട്ടേണ്ടതെന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.

നിരക്ക് വർധനയ്ക്ക് പുറമെ തൊഴിലാളി യൂണിയനുകൾ മുന്നോട്ടുവെച്ച മറ്റ് പ്രധാന ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഓട്ടോറിക്ഷാ, ടാക്‌സി ഡ്രൈവർമാർക്ക് ഇഎസ്‌ഐ ആനുകൂല്യം അനുവദിക്കുക, മഞ്ഞ ബോർഡ് ഇല്ലാതെ സർവീസ് നടത്തുന്ന ടൂ വീലർ ടാക്‌സികളെ നിയന്ത്രിക്കുക, ഹോട്ടലുകളിലും മറ്റും ഡ്രൈവർമാർക്കായി വിശ്രമമുറി ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളിലാണ് ഗതാഗതമന്ത്രിയുമായുള്ള ചർച്ചയിൽ തീരുമാനമായത്.

More Stories from this section

family-dental
witywide