ആവണിത്തെന്നൽ 2026; ലീഗ് സിറ്റി മലയാളി സമാജത്തിൻ്റെ ഓണാഘോഷം പ്രൗഢഗംഭീരമായി

അജു വാരിക്കാട്

ലീഗ് സിറ്റി (ടെക്സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ (MSOLC) പതിനൊന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷമായ ‘ആവണിത്തെന്നൽ 2026′ വർണാഭമായ പരിപാടികളോടെ പ്രൗഢഗംഭീരമായി നടന്നു. ഓഗസ്റ്റ് 15-ന് ലീഗ് സിറ്റിയിലെ ജോണി അരോൾഫോ സിവിക് സെൻ്ററിൽ അരങ്ങേറിയ ആഘോഷത്തിൽ പ്രവാസി മലയാളി കുടുംബങ്ങളുടെ വൻ പങ്കാളിത്തമാണ് ദൃശ്യമായത്.

പതിനൊന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്ന സമാജത്തിന്റെ ചരിത്രത്തിൽ ഏറെ പുതുമകളും വൈവിധ്യങ്ങളും നിറഞ്ഞ വിപുലമായ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരുന്നതെന്ന് സമാജം പ്രസിഡന്റ് ബിജോ സെബാസ്റ്റ്യൻ, സെക്രട്ടറി ഡോ. ജേക്കബ് തെരുവത്ത് എന്നിവർ വ്യക്തമാക്കി.

ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലി മന്നനെ വേദിയിലേക്ക് ആനയിച്ചുകൊണ്ടായിരുന്നു ആഘോഷങ്ങളുടെ തുടക്കം. കേരളത്തിന്റെ തനത് പാരമ്പര്യം വിളിച്ചോതുന്ന സാംസ്കാരിക ഘോഷയാത്ര, പുലികളി, നാടൻപാട്ടുകൾ, വിവിധ നൃത്ത-സംഗീത വിരുന്നുകൾ എന്നിവ അരങ്ങേറി. ലീഗ് സിറ്റി മേയർ നിക്ക് ലോങ്, ഗാൽവസ്റ്റൺ കൗണ്ടി ഷെരിഫ് ജിമ്മി ഫുള്ളൻ എന്നിവർ ചടങ്ങിൽ വിശിഷ്ട‌ാതിഥികളായി പങ്കെടുത്തു. ഗാൽവസ്റ്റൺ കൗണ്ടിയിലെയും ലീഗ് സിറ്റിയിലെയും വിവിധ സർക്കാർ പ്രതിനിധികളും സാംസ്‌കാരിക നായകരും പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.

സമൂഹത്തിന് നൽകിവരുന്ന നിസ്തുലമായ സേവനങ്ങളെയും ജീവകാരുണ്യ പ്രവർത്തനങ്ങളെയും മുൻനിർത്തി പ്രമുഖ ആരോഗ്യരംഗ പ്രവർത്തകനായ ഡോ. സച്ച്മോർ തോമസിനെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.

ലീഗ് സിറ്റി മേയർ നിക്ക് ലോങ് അദ്ദേഹത്തിന് പ്രശംസാഫലകം സമ്മാനിച്ചു. ഫ്രണ്ട്സ്‌വുഡ് ക്വീൻ മേരി കത്തോലിക്കാ ദേവാലയ വികാരി ഫാ. തോമസ് വെള്ളാപ്പള്ളി അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. സമാജത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വ്യക്തിയെ പൊന്നാട നൽകി ആദരിക്കുന്നത് എന്നത് ഈ ചടങ്ങിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചു.

ഗാൽവസ്റ്റൺ കൗണ്ടിയിൽ ആശുപത്രികൾ, വയോജന പരിചരണ കേന്ദ്രങ്ങൾ, മെമ്മറി കെയർ യൂണിറ്റുകൾ, പ്രൈമറി കെയർ ക്ലിനിക്കുകൾ എന്നിവയുൾപ്പെടെ 13-ഓളം ആരോഗ്യ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. സച്ച്മോർ തോമസ്, ഗാൽവസ്റ്റൺ കൗണ്ടി ഷെരിഫ് ഓഫീസിന്റെ ഔദ്യോഗിക മെഡിക്കൽ ഡോക്ടർ കൂടിയാണ്. സമാജത്തിന്റെ വളർച്ചയ്ക്ക് അദ്ദേഹം നൽകുന്ന അകമഴിഞ്ഞ പിന്തുണയ്ക്ക് ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം ഒരുക്കിയ ഇരുപതിലധികം വിഭവങ്ങൾ അടങ്ങിയ വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യ ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച വടംവലി, ചാക്കിലോട്ടം തുടങ്ങിയ പരമ്പരാഗത കായിക-വിനോദ മത്സരങ്ങൾ കാണികളിൽ ആവേശം പടർത്തി. വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

2026′ വൻ വിജയമാക്കാൻ സഹകരിച്ച എല്ലാ കുടുംബാംഗങ്ങൾക്കും സ്പോൺസർമാർക്കും കലാകാരന്മാർക്കും സന്നദ്ധപ്രവർത്തകർക്കും സമാജം ഭാരവാഹികൾ നന്ദി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

പ്രസിഡന്റ്: ബിജോ സെബാസ്റ്റ്യൻ

സെക്രട്ടറി: ഡോ. ജേക്കബ് തെരുവത്ത്

ട്രഷറർ: റോബി തോമസ്

‘Avanithennal 2026’: League City Malayali Samajam’s Onam celebrations held in grand style.