ആണവ കേന്ദ്രങ്ങളിലേക്ക് പരസ്പര സന്ദർശനം; ചൈനയുമായി ചർച്ച നടത്തി യുഎസ്

വാഷിങ്ടൺ: പരസ്പര വിശ്വാസം ശക്തിപ്പെടുത്താനും ആണവായുധ മത്സരം ഒഴിവാക്കാനുമായി ചൈനയുമായി ആണവ കേന്ദ്രങ്ങളിലേക്ക് പരസ്പര സന്ദർശനം നടത്തുന്നതിനെക്കുറിച്ച് ചർച്ച നടത്തി യുഎസ്. വരും മാസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളിലും ഈ നിർദേശം മുന്നോട്ടുവയ്ക്കാനാണ് യുഎസിന്റെ നീക്കമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. യുഎസ് ഊർജവകുപ്പിന് കീഴിലുള്ള ദേശീയ ലബോറട്ടറികളിലേക്കും ചൈനയിലെ സമാന സ്ഥാപനങ്ങളിലേക്കും ഉദ്യോഗസ്ഥർ പരസ്പരം സന്ദർശനം നടത്താനാണ് നിർദേശം. ആണവ പരീക്ഷണ കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനത്തെക്കുറിച്ചും ചർച്ച ചെയ്യാൻ യുഎസ് തയ്യാറാണെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

ചൈനയുടെ അതിവേഗം വളരുന്ന ആണവായുധ ശേഖരത്തെക്കുറിച്ച് യുഎസിന് ആശങ്കയുണ്ട്. റഷ്യയുമായുള്ള യുഎസിന്റെ അവസാനത്തെ പ്രധാന ആയുധനിയന്ത്രണ കരാർ 2025ൽ കാലഹരണപ്പെട്ടതോടെ ആണവായുധ നിയന്ത്രണ രംഗത്തെ സ്ഥിതിഗതികളും കൂടുതൽ സങ്കീർണമായി. ചൈനയെയും റഷ്യയെയും ഉൾപ്പെടുത്തി ത്രികക്ഷി ആയുധനിയന്ത്രണ കരാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ ഡോണൾഡ് ട്രംപിന്റെ ആദ്യ പ്രസിഡൻഷ്യൽ കാലത്തുതന്നെ ആരംഭിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. യുഎസിന്റെ നീക്കങ്ങളോട് ചൈനയും റഷ്യയും കാര്യമായി പ്രതികരിച്ചിരുന്നില്ല.

റഷ്യയുടെയും യുഎസിന്റെയും ആണവായുധ ശേഖരത്തേക്കാൾ വളരെ കുറവാണ് തങ്ങളുടെ ശേഖരമെന്നാണ് ചൈനയുടെ നിലപാട്. അതിനാൽ ഇത്തരം ചർച്ചകളിൽ ചൈനയുടെ പങ്കാളിത്തം അനിവാര്യമല്ലെന്നും ബെയ്ജിങ് വാദിച്ചിരുന്നു. എന്നാൽ ആണവ കേന്ദ്രങ്ങളിലേക്ക് പരസ്പര സന്ദർശനം നടത്താനുള്ള ആശയം ആദ്യം മുന്നോട്ടുവച്ചത് ചൈനയാണെന്നാണ് സിഎൻഎൻ റിപ്പോർട്ട്. പരസ്പര വിശ്വാസം വർധിപ്പിക്കുന്ന നടപടികളോട് ബെയ്ജിങ് തുറന്ന സമീപനം സ്വീകരിക്കുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തുന്നത്.

ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിലെ അഞ്ച് സ്ഥിരാംഗങ്ങളുടെ യോഗങ്ങളുടെ ഭാഗമായി യുഎസിലെയും ചൈനയിലെയും ഉദ്യോഗസ്ഥർ തമ്മിലാണ് നിലവിൽ ചർച്ചകൾ നടക്കുന്നത്. പ്രവർത്തനതലത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. മുൻ യുഎസ് ആക്ടിങ് അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി പോൾ ഡീൻ, ചൈനയുമായുള്ള ആണവ ചർച്ചകളിൽ ഭരണകൂടം അതീവ ജാഗ്രത പാലിക്കണമെന്ന് സിഎൻഎന്നിനോട് പറഞ്ഞു. അതേസമയം, പരസ്പര സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലെ വിശ്വാസം വർധിപ്പിക്കുന്നതിനുള്ള പ്രധാന നടപടിയാകുമെന്നും ഭാവിയിൽ ആണവ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് അടിത്തറയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വർഷം ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും വീണ്ടും കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നവംബറിൽ ചൈനയിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിയിലോ ഡിസംബറിൽ യുഎസിൽ നടക്കുന്ന ജി20 ഉച്ചകോടിയിലോ കൂടിക്കാഴ്ച നടക്കാനാണ് സാധ്യത. ഇരു നേതാക്കളും വീണ്ടും കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് ആണവ കേന്ദ്രങ്ങളിലേക്കുള്ള പരസ്പര സന്ദർശനം സംബന്ധിച്ച ചർച്ചകൾ നടക്കുമെന്നാണ് റിപ്പോർട്ട്.

US, China in talks for reciprocal visits to nuclear sites in bid to build trust, prevent arms race

More Stories from this section

family-dental
witywide