ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനും മറ്റ് രണ്ട് ഇലക്ഷൻ കമ്മീഷണർമാർക്കുമെതിരെ ഇന്ത്യാ (INDIA) സഖ്യത്തിലെ എം.പിമാർ നടത്തിയ പ്രതിഷേധത്തിനിടെ കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ രൂക്ഷവിമർശനവുമായി ലോകഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് മോഷ്ടിച്ച് രാജ്യത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. രാജ്യത്തെ ജനാധിപത്യം പൂർണ്ണമായും തകർക്കപ്പെട്ടെന്നും ചെയ്തത് രാജ്യദ്രോഹമാണെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.
നമ്മുടെ രാജ്യത്തോടു ചെയ്‌തത് രാജ്യദ്രോഹമാണ്. ഇതിൽ പങ്കാളികളായ ഒരാൾപോലും രക്ഷപ്പെടാൻ പോകുന്നില്ല. അത് നരേന്ദ്ര മോദിയായാലും അമിത് ഷായായാലും മോഹൻ ഭഗവതായാലും ഗ്യാനേഷ് കുമാറായാലും. ഇവർക്കെല്ലാവർക്കുമെതിരെ കർശന നടപടിയുണ്ടാകുമെന്നും ലോക്‌സഭയിലെയും രാജ്യസഭയിലെയും മുന്നൂറോളം എം.പിമാർ ഗ്യാനേഷ് കുമാറിനെയും രണ്ട് സഹപ്രവർത്തകരെയും നേരിൽ കാണുന്നതിനായി എത്തിയെങ്കിലും പോലീസ് തങ്ങളെ തടയുകയായിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് വെറും 50 വാര അകലെവെച്ചാണ് ജനപ്രതിനിധികളെ പോലീസ് തടഞ്ഞുവെച്ചത്. രാജ്യത്തിന്റെ ശബ്ദത്തെയാണ് ജനപ്രതിനിധികൾ പ്രതിനിധീകരിക്കുന്നത്. എന്നാൽ, എന്തുകൊണ്ടാണ് 300 എം.പിമാരെ തടഞ്ഞതെന്ന് മനസ്സിലാകുന്നില്ല. തെരഞ്ഞെടുപ്പ് കൃത്യമായി നടത്തുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചുമതല. എന്നാൽ, 300 എം.പിമാർ കാണാൻ വരുമ്പോൾ ഗ്യാനേഷ് കുമാർ ഭയന്നിരിക്കുകയാണ്. ജനപ്രതിനിധികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ രാജ്യത്ത് ജനാധിപത്യം കൊണ്ട് എന്താണ് അർത്ഥമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Gyanesh Kumar resignation; Narendra Modi hijacked the country by stealing votes; this amounts to treason, and no one will escape, says Rahul Gandhi.













