
കൊൽക്കത്ത: പശ്ചിമ ബംഗാൾ വോട്ടർപട്ടികയിൽ നിന്ന് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ പേരുകൾ നീക്കം ചെയ്ത് വോട്ടർപട്ടിക ശുദ്ധീകരിച്ച ചീഫ് ഇലക്ഷൻ കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിന് രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകണമെന്ന് പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യ ആവശ്യപ്പെട്ടു. ബംഗാളിൽ അക്രമരഹിതമായ നിയമസഭാ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ഗ്യാനേഷ് കുമാർ മികച്ച ഇടപെടലാണ് നടത്തിയതെന്നും അദ്ദേഹം കൊൽക്കത്തയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ദീർഘനാളുകൾക്ക് ശേഷമാണ് പശ്ചിമ ബംഗാളിലെ ജനങ്ങൾ ഭയരഹിതമായി വോട്ട് രേഖപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് കൊലപാതകങ്ങളോ ഭീഷണികളോ ഉണ്ടായില്ല. ഒരു അതിർത്തി സംസ്ഥാനത്ത് വോട്ടർപട്ടികയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കാൻ ഗ്യാനേഷ് കുമാർ എടുത്ത മുൻകൈ അഭിനന്ദനാർഹമാണ്,” ഭട്ടാചാര്യ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ പ്രതിപക്ഷം നടത്തുന്ന തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞു.
അതേസമയം, വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനകത്ത് ഭിന്നതകൾ നിലനിൽക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ബിജെപി നേതാവിൻ്റെ ഈ പ്രസ്താവന. മറ്റ് രണ്ട് കമ്മീഷണർമാരുടെ അനുമതിയില്ലാതെയാണ് സിഇസി തീരുമാനങ്ങൾ എടുത്തതെന്ന് ആരോപിച്ച് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്. കമ്മീഷനിലെ ഭിന്നസ്വരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യപരമായാണ് പ്രവർത്തിക്കുന്നത് എന്നതിൻ്റെ തെളിവാണെന്ന് ബിജെപി ദേശീയ വക്താവ് സംബിത് പത്ര പ്രതികരിച്ചു.
എന്നാൽ സിഇസിയുടെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലുള്ള കോക്രോച്ച് ജനതാ പാർട്ടി (CJP) ഗ്യാനേഷ് കുമാറിന് രാജിവെക്കാൻ നിശ്ചയിച്ച 48 മണിക്കൂർ സമയപരിധി ഇന്ന് അവസാനിക്കും. ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പാർട്ടി രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.
BJP seeks Padma Bhushan for Chief Election Commissioner, while Congress and CJP demand his resignation.














