മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പിന്തുണയ്ക്കുന്നത് ബിജെപി തുടർന്നാൽ അധികകാലം അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരാനാകില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ ഇന്ത്യ സഖ്യം സംഘടിപ്പിച്ച പ്രതീകാത്മക പാർലമെന്റ് സമ്മേളനത്തിൽ സംസാരിക്കവെയാണ് ഗ്യാനേഷ് കുമാറിനെക്കുറിച്ച് നിർണായക വെളിപ്പെടുത്തൽ നടത്തുമെന്ന സൂചന രാഹുൽ നൽകിയത്. ഞങ്ങൾ വെളിപ്പെടുത്തുന്ന കാര്യങ്ങൾക്കുശേഷവും ബിജെപി ഗ്യാനേഷ് കുമാറിനെ പിന്തുണയ്ക്കുകയാണെങ്കിൽ അവരുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമാകുമെന്നും രാഹുൽ പറഞ്ഞു.
എന്നാൽ, ഇന്ത്യ സഖ്യത്തിന്റെ പ്രതീകാത്മക ‘പൊതു ഇംപീച്ച്മെന്റ്’ നടപടിയെ ജനാധിപത്യത്തെയും പാർലമെന്റിനെയും പരിഹസിക്കുന്ന നീക്കമെന്ന് ബിജെപി വിശേഷിപ്പിച്ചു. വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് കോൺഗ്രസ് വ്യാജപ്രചാരണം നടത്തുകയാണെന്ന് ബിജെപി വക്താവ് സാംബിത് പത്ര ആരോപിച്ചു. രാഹുൽ ഗാന്ധിയെ ആജീവനാന്തം പ്രതീകാത്മക പ്രധാനമന്ത്രിയാക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ഇന്ത്യ സഖ്യം ഏകകണ്ഠമായി പാസാക്കി. അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും നീതി ഉറപ്പാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളുടെയും വോട്ടർപട്ടിക പരിഷ്കരണത്തിന്റെയും പേരിൽ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനം ഉന്നയിച്ചുവരികയാണ്.
പ്രതിപക്ഷത്തിന് ജനാധിപത്യ സ്ഥാപനങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെടുകയാണെന്നും അതിനാലാണ് നേതാക്കൾക്ക് പൂന്തോട്ടത്തിലിരുന്ന് ചർച്ച നടത്തേണ്ടിവരുന്നതെന്നും രാഹുൽ ആരോപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ മുഴുവൻ പ്രതിപക്ഷത്തിനും പൂന്തോട്ടത്തിൽ ഇരിക്കേണ്ടിവരുന്നത് അസംബന്ധമാണ്. എല്ലാ സ്ഥാപനങ്ങളും ഞങ്ങൾക്കായി അടച്ചിട്ടിരിക്കുകയാണ്. ബിജെപി തിരഞ്ഞെടുപ്പുകളിൽ കൃത്രിമം നടത്തുകയാണെന്നും ഇത്തരം ക്രമക്കേടുകൾ ജനങ്ങളും പ്രതിപക്ഷവും ഒരിക്കലും മറക്കുകയോ പൊറുക്കുകയോ ചെയ്യില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Rahul Gandhi hints at big ‘reveal’ on CEC; BJP calls him ‘mock PM’













