
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പൂർവിക വസതിയെന്ന് അറിയപ്പെടുന്ന മുംബൈയിലെ ഭിണ്ടി ബസാറിലുള്ള ഹാജി ഇസ്മായിൽ ഹാജി ഹബീബ് മുസാഫിർഖാന കെട്ടിടം പൊളിച്ചുനീക്കുന്നു. പക്മോഡിയ സ്ട്രീറ്റിലുള്ള കെട്ടിടം ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (BMC) നേതൃത്വത്തിലാണ് പൊളിക്കുന്നത്. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ സി1 വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് നടപടി.
ഇന്ത്യ വിടുന്നതിന് മുൻപ് ദാവൂദ് ഇബ്രാഹിം താമസിച്ചിരുന്ന കെട്ടിടമാണിത്. 1993ലെ മുംബൈ സ്ഫോടന പരമ്പരയുടെ ആസൂത്രണം ഇവിടെ നടന്നതായും ആരോപണമുണ്ട്.ചൊവ്വാഴ്ച കെട്ടിടത്തിന് പുറത്ത് പതിച്ച നോട്ടീസ് പ്രകാരം നവംബർ 18, 19 തീയതികളിലാണ് പൊളിക്കൽ നടപടി. പൊലീസ് സുരക്ഷയോടെയായിരിക്കും നടപടിയെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. 2020 ഓഗസ്റ്റ് 31ലെ ബോംബെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരമാണ് കെട്ടിടം പൊളിക്കുന്നത്.
ഭിണ്ടി ബസാർ മേഖലയിലെ പുനർവികസന പദ്ധതിയുടെ ഭാഗമായാണ് കെട്ടിടം ഉൾപ്പെട്ടിരിക്കുന്നത്. പൊതുചാരിറ്റബിൾ ട്രസ്റ്റായ സൈഫി ബുർഹാനി അപ്‌ലിഫ്റ്റ്മെന്റ് ട്രസ്റ്റാണ് (SBUT) പ്രദേശത്തെ പുനർവികസന പദ്ധതി നടപ്പാക്കുന്നത്. മുസാഫിർഖാന ട്രസ്റ്റിൽ നിന്നാണ് എസ്‌ബിയുടി ഈ കെട്ടിടം വാങ്ങിയത്. അതേസമയം, നിർദിഷ്ട ആന്തരിക റോഡിന്റെ അലൈൻമെന്റിൽ കെട്ടിടത്തിന്റെ ഒരു ഭാഗം ഉൾപ്പെടുന്നുണ്ടെന്നും റോഡ് വീതികൂട്ടേണ്ടതുണ്ടെന്നും പൊളിക്കൽ നോട്ടീസിൽ പറയുന്നു.
കെട്ടിടത്തിൽ പ്രാർഥനാ ഹാൾ പ്രവർത്തിക്കുന്നതിനാൽ അവിടത്തെ പ്രവർത്തനങ്ങൾ മറ്റൊരിടത്തേക്ക് മാറ്റാൻ ബിഎംസി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ നിർദേശത്തോട് കെട്ടിടത്തിലെ താമസക്കാരും ബന്ധപ്പെട്ടവരും എതിർപ്പ് അറിയിച്ചതായാണ് റിപ്പോർട്ട്. നാസർ ടവറിലെ സെക്ടർ 4-ൽ ബദൽ സൗകര്യങ്ങളിലേക്കോ എസ്‌ബിയുടി ഒരുക്കിയ വാടക താമസസ്ഥലങ്ങളിലേക്കോ മാറാനാണ് ട്രസ്റ്റ് നിർദേശിച്ചിരിക്കുന്നത്.















