
മിയാമി: അമേരിക്കൻ എയർലൈൻസിലെ ഫ്ലൈറ്റ് അറ്റൻഡൻ്റായ കെല്ലി മെലിൻഡ വില്യംസ് (31) എന്ന യുവതിയുടെ മൃതദേഹം ഫ്ലോറിഡയിലെ ഹോളിവുഡ് ബീച്ചിൽ കണ്ടെത്തി. കടലിൽ സ്നോർക്കലിംഗ് നടത്തുന്നതിനിടെ അതിവേഗത്തിൽ വന്ന ബോട്ട് ഇടിച്ചാണ് ഇവർ മരിച്ചതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ജൂൺ 3-ന് വൈകുന്നേരം എട്ട് മണിയോടെ ബീച്ചിലുണ്ടായിരുന്ന രണ്ട് മീൻപിടുത്തക്കാരാണ് മൃതദേഹം കടൽത്തീരത്ത് അടിഞ്ഞ നിലയിൽ കണ്ടെത്തിയത്.
യുവതിയുടെ ശരീരത്തിൽ മാരകമായ പരിക്കുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഏതെങ്കിലും ജലവാഹനം വന്നിടിച്ചതുമൂലം ഉണ്ടായതാണെന്നും ‘ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് കൺസർവേഷൻ കമ്മീഷൻ’ സ്ഥിരീകരിച്ചു. ഡോ. വോൺ ഡി. മിസെൽ-ഈല ജോൺസൺ സ്റ്റേറ്റ് പാർക്ക് പ്രദേശത്ത് വെച്ചാണ് ഇവർക്ക് അപകടം സംഭവിച്ചതെന്നാണ് കരുതപ്പെടുന്നത്.
കാലിഫോർണിയ സ്വദേശിയായ കെല്ലി അടുത്തിടെയാണ് ഫ്ലോറിഡയിലേക്ക് താമസം മാറിയത്. കടലിനെ ഏറെ സ്നേഹിച്ചിരുന്ന ഇവർ നീന്തലിലും സ്നോർക്കലിംഗിലും അതീവ വൈദഗ്ധ്യമുള്ള ആളായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. കെല്ലിയുടെ വിയോഗത്തിൽ അമേരിക്കൻ എയർലൈൻസും ഫ്ലൈറ്റ് അറ്റൻഡന്റ്സ് അസോസിയേഷനും അനുശോചനം രേഖപ്പെടുത്തി. അപകടമുണ്ടാക്കിയ ബോട്ടിനെക്കുറിച്ചോ അതിലുണ്ടായിരുന്ന ആളുകളെക്കുറിച്ചോ നിലവിൽ സൂചനകളൊന്നും ലഭ്യമല്ല. ഫ്ലോറിഡ പൊലീസും എഫ്.ഡബ്ല്യു.സി.യും സംയുക്തമായി ഈ സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.
Body of American Airlines flight attendant found on Florida beach; investigation intensifies















