ട്രംപിന് വൻ കുരുക്ക്, കടുത്ത തിരിച്ചടി; ഇറാന്റെ മേലുള്ള ട്രംപിന്റെ യുദ്ധാധികാരങ്ങൾക്ക് തടയിടാൻ യുഎസ് ജനപ്രതിനിധി സഭ, പ്രമേയം പാസാക്കി

വാഷിംഗ്ടൺ: കോൺഗ്രസിന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഇറാനിൽ സൈനിക നടപടികളുമായി മുന്നോട്ടുപോകുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിക്ക് തടയിട്ടുകൊണ്ട് യു.എസ് ജനപ്രതിനിധി സഭ (ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ്) പ്രമേയം പാസാക്കി. പശ്ചിമേഷ്യൻ സംഘർഷത്തിൽ ട്രംപ് സ്വീകരിക്കുന്ന നിലപാടുകളോട് ജനപ്രതിനിധികൾക്കുള്ള കടുത്ത അമർഷം വ്യക്തമാക്കുന്നതാണ് ഈ നടപടി.

ഡെമോക്രാറ്റിക് അംഗം പ്രമീള ജയപാൽ സഭയിൽ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് നാല് റിപ്പബ്ലിക്കൻ പ്രതിനിധികളും വോട്ട് ചെയ്തു. 208-നെതിരെ 214 വോട്ടുകൾക്കാണ് പ്രമേയം ജനപ്രതിനിധി സഭ കടന്നത്. സമാനമായ പ്രമേയത്തിൽ ഉടൻ തന്നെ യുഎസ് സെനറ്റിലും വോട്ടെടുപ്പ് നടക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ സെനറ്റിലും ഇത് പാസായാൽ പോലും യുദ്ധം അവസാനിപ്പിക്കാൻ ഭരണകൂടത്തെ നിയമപരമായി നിർബന്ധിതരാക്കാൻ സാധിക്കില്ല. പ്രസിഡന്റിന്റെ ഒപ്പോ വീറ്റോ അധികാരമോ ആവശ്യമില്ലാത്ത ഇത്തരം സംയുക്ത പ്രമേയങ്ങൾക്ക് നിയമപരമായ പ്രാബല്യമില്ലെന്നതാണ് ഇതിന് കാരണം.

നിയമപരമായ ബാധ്യതയില്ലെങ്കിലും, പ്രസിഡന്റിന്റെ യുദ്ധനയങ്ങൾക്കെതിരെ സഭ നൽകിയ ശക്തമായ തിരുത്തൽ സന്ദേശമായാണ് ഈ പ്രമേയം വിലയിരുത്തപ്പെടുന്നത്. സമീപകാലത്തുണ്ടായ വെടിനിർത്തൽ അവസാനിക്കുകയും മേഖലയിൽ പോരാട്ടം ശക്തമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ നീക്കം. പ്രസിഡന്റിന്റെ യുദ്ധാധികാരങ്ങൾക്ക് മേൽ തടയിടാൻ ജനപ്രതിനിധി സഭ വോട്ട് ചെയ്യുന്നത് ഇത് രണ്ടാം തവണയാണെങ്കിലും, യു.എസും ഇറാനും തമ്മിലുണ്ടായിരുന്ന ധാരണാപത്രം റദ്ദായതിന് ശേഷമുള്ള ആദ്യ നടപടിയാണിത്.

ട്രംപിന്റെ യുദ്ധാധികാരങ്ങൾ വെട്ടിച്ചുരുക്കണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റുകൾ നിരന്തരം വോട്ടെടുപ്പ് ആവശ്യപ്പെടുന്നുണ്ടെങ്കിലും, നിലവിലുള്ള യുദ്ധത്തോട് സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പ് ശക്തമാകുന്നു എന്നതിന്റെ തെളിവാണ് റിപ്പബ്ലിക്കൻ അംഗങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണ. പുതിയ സംഭവവികാസത്തോടെ ക്യാപിറ്റോൾ ഹില്ലിൽ ഇറാൻ യുദ്ധത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്.

Also Read

More Stories from this section

family-dental
witywide