മറ്റൊരു യുദ്ധമുഖം തുറക്കുമോ, ലോകം ഭീതിയിൽ; സൗദിക്കെതിരായ ഹൂതികളുടെ ഉപരോധ ഭീഷണി മേഖലയിൽ കടുത്ത പ്രത്യാഘാതമുണ്ടാക്കും, യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

ബ്രസൽസ്: സൗദി അറേബ്യയ്ക്ക് മേൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന യമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ ഭീഷണി മേഖലയിലെ സ്ഥിരത തകർക്കുന്നതാണെന്നും സ്ഥിതിഗതികൾ കൂടുതൽ അപകടകരമായ രീതിയിൽ വഷളാക്കുമെന്നും യൂറോപ്യൻ യൂണിയൻ വിദേശകാര്യ നയമേധാവി കാജ കല്ലാസ് മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും നാവികരുടെ ജീവനും ഭീഷണിയാകുന്ന എല്ലാ നടപടികളും ഹൂതികൾ ഉടൻ നിർത്തിവെക്കണമെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അവർ ആവശ്യപ്പെട്ടു.

സൗദി കപ്പലുകൾക്കെതിരെ നാവിക ഉപരോധം ഏർപ്പെടുത്തുകയാണെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെ, ചെങ്കടലിൽ രണ്ട് സൗദി എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടിരുന്നു. നിലവിലുള്ള ഇറാൻ സംഘർഷത്തിനിടയിൽ മേഖലയിൽ മറ്റൊരു പുതിയ യുദ്ധമുഖം തുറക്കാൻ ഈ നീക്കം വഴിവെക്കുമെന്ന ആശങ്ക ശക്തമാണ്.

ചെങ്കടലിൽ എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണം തികച്ചും അംഗീകരിക്കാനാവാത്തതും നിയമവിരുദ്ധവുമാണെന്ന് കാജ കല്ലാസ് പറഞ്ഞു. മേഖലയിലെ ഇതിനകം തന്നെ കലുഷിതമായ സാഹചര്യത്തെ ഇത് കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്. ഹോർമുസ് കടലിടുക്കിലും ചെങ്കടലിലും കപ്പൽ ഗതാഗതം യാതൊരു തടസ്സവുമില്ലാതെ സുഗമമായി തുടരേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide