വൈറ്റ് ഹൗസിന് മറുപടിയില്ല! ഇറാനിയൻ ആണവനിലയങ്ങൾ മയക്കുമരുന്ന് നിർമ്മാണ ശാലകളാണെന്ന് പുതിയ അവകാശവാദം; ട്രംപിന്‍റെ നാക്ക് പിഴച്ചതെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: കഴിഞ്ഞ വർഷം അമേരിക്ക ആക്രമിച്ച ഇറാന്‍റെ ആണവനിലയങ്ങൾ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രങ്ങൾ കൂടിയായിരുന്നുവെന്ന വിചിത്ര അവകാശവാദവുമായി മുൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഒക്ലഹോമയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഫോർഡോ ഉൾപ്പെടെയുള്ള ഇറാനിയൻ ആണവനിലയങ്ങൾ മയക്കുമരുന്ന് ഉൽപ്പാദന കേന്ദ്രങ്ങളായിരുന്നുവെന്ന് ട്രംപ് പ്രസ്താവിച്ചത്. ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഈ പ്രസ്താവന വിദഗ്ദ്ധരെയും അന്താരാഷ്ട്ര നിരീക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ചിട്ടുണ്ട്.

2025 ജൂണിൽ ‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’ എന്ന പേരിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെക്കുറിച്ച് സംസാരിക്കവേയാണ് ട്രംപിന്റെ വിവാദ പരാമർശം. ബങ്കർ ബസ്റ്റർ ബോംബുകൾ ഇറാന്റെ ആണവ-മയക്കുമരുന്ന് കേന്ദ്രങ്ങളിലാണ് പതിച്ചതെന്നും, അവ ആണവ നിലയങ്ങൾ മാത്രമായിരുന്നില്ല മറിച്ച് മയക്കുമരുന്ന് ഫാക്ടറികൾ കൂടിയായിരുന്നുവെന്നും ട്രംപ് ആവർത്തിച്ചു. എന്നാൽ, ഫോർഡോയിലെ ഭൂഗർഭ കേന്ദ്രം മയക്കുമരുന്ന് നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നു എന്നതിന് യാതൊരുവിധ തെളിവുകളുമില്ലെന്നും ഇത്തരമൊരു ആരോപണം ആദ്യമായാണ് കേൾക്കുന്നതെന്നും കാർണഗി എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസ് പ്രോഗ്രാം വിദഗ്ദ്ധൻ ജെയിംസ് ആക്ടൺ പ്രതികരിച്ചു.

കാരബിയൻ മേഖലയിലെ മയക്കുമരുന്ന് കടത്തിനെക്കുറിച്ചും വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ പിടികൂടിയ സൈനിക നീക്കത്തെക്കുറിച്ചും സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപ് ഇറാന്റെ കാര്യത്തിലേക്ക് കടന്നത്. പ്രസംഗത്തിനിടയിൽ സംഭവിച്ച നാക്ക് പിഴയാണെന്ന് വ്യക്തമാണെങ്കിലും, അത് തിരുത്താൻ തയ്യാറാകാതെ ട്രംപ് പ്രസ്താവനയെ കൂടുതൽ ന്യായീകരിക്കുകയായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. വിവാദത്തെക്കുറിച്ച് വിശദീകരണം നൽകാൻ വൈറ്റ് ഹൗസ് വക്താക്കൾ വിസമ്മതിച്ചു.

More Stories from this section

family-dental
witywide