
ഫ്ലൈ ദുബായ് വിമാനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ആക്രമിച്ച് കപ്പൽ തകർക്കാൻ ശ്രമിച്ച ഒമാൻ പൗരനും സഹപൈലറ്റുമായ ഹമാം അൽ-ഹമ്മാമിയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യു.എ.ഇയിൽ ജനിച്ച ഇയാളുടെ മാതാവ് സിറിയൻ സ്വദേശിയും പിതാവ് ഒമാൻ പൗരനുമാണ്. തീവ്രവാദ ആശയങ്ങൾ വെച്ചുപുലർത്തിയതിനെ തുടർന്ന് ഇയാളെ വിമാനം പറത്തുന്നതിൽനിന്ന് മുൻപ് ഒമാനി ഏവിയേഷൻ അധികൃതർ വിലക്കിയിരുന്നതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2011-നും 2017-നും ഇടയിൽ സിറിയയിൽ കഴിഞ്ഞ കാലയളവിലാണ് ഇയാൾക്ക് ഭീകരവാദ ആശയങ്ങളുമായി ബന്ധമുണ്ടായതെന്നാണ് സംശയിക്കുന്നത്.
ഫ്ലൈ ദുബായിൽ ഫസ്റ്റ് ഓഫീസറായി ചേരുന്നതിന് മുൻപ് യു.എ.ഇ, ഒമാൻ, സിറിയ, മൊറോക്കോ എന്നിവിടങ്ങളിലെ ഏവിയേഷൻ മേഖലകളിൽ ഇയാൾ പ്രവർത്തിച്ചിരുന്നു. 2018 ഫെബ്രുവരിയിലാണ് ഒമാനി ഏവിയേഷനിൽ ജോലിയിൽ പ്രവേശിക്കുന്നത്. അവിടെ സേവനമനുഷ്ഠിക്കവേ യുകെയിലെ ബക്കിങ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിസ്റ്റൻസ് എഡ്യുക്കേഷൻ വഴി ഏവിയേഷൻ മാനേജ്മെന്റിൽ ബിരുദം നേടി. 2022 മുതൽ ബോയിങ് 737 വിമാനത്തിന്റെ ഫസ്റ്റ് ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു.
എന്നാൽ 2024-ൽ ഇയാളുടെ ഭാഗത്തുനിന്ന് തീവ്രവാദ ഉള്ളടക്കങ്ങളും ചിന്താഗതികളും കണ്ടെത്തിയതോടെ വിമാനം പറത്തുന്നതിൽനിന്ന് ഒമാനി ഏവിയേഷൻ ഇയാളെ ഒഴിവാക്കുകയും അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് 2025 ഫെബ്രുവരിയിൽ കമ്പനി വിട്ട ഇയാൾ മാസങ്ങൾക്ക് ശേഷം റോയൽ എയർ മൊറോക്കോയിൽ ചേർന്നു. ഏഴ് മാസത്തെ സേവനത്തിന് ശേഷം 2026 ജനുവരിയിൽ അവിടെനിന്നും രാജിവെച്ച് ഫെബ്രുവരിയിലാണ് ഫ്ലൈ ദുബായിൽ ഫസ്റ്റ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന യു.എ.ഇ അധികൃതർ ഇതൊരു ആസൂത്രിത ഭീകരാക്രമണ ശ്രമമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾക്ക് ഏതെങ്കിലും അന്താരാഷ്ട്ര ഭീകരസംഘടനകളുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. നിലവിൽ ഹമാമിന്റെ കുടുംബ പശ്ചാത്തലം, ഔദ്യോഗിക ജീവിതം, ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ, ഫോൺ സംഭാഷണങ്ങൾ, ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രമുഖ എയർലൈനുകൾ മാറി ജോലി ചെയ്തതിന്റെ കാരണങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണമാണ് പുരോഗമിക്കുന്നത്.
Flydubai Hijack Attempt: Investigators Probe Co-Pilot Hamam’s Mysterious Past and Syrian Links














