വാഷിംഗ്ടൺ: പെൺവാണിഭക്കേസുകളിലെ പ്രതിയും ശതകോടീശ്വരനുമായിരുന്ന ജഫ്രി എപ്സ്റ്റീൻ തടവറയിൽ തൂങ്ങിമരിച്ചുവെന്ന ഔദ്യോഗിക പോസ്റ്റ്‌മോർട്ടം കണ്ടെത്തലുകളെ ചോദ്യം ചെയ്തുകൊണ്ട് പ്രമുഖ ഫോറൻസിക് വിദഗ്ദ്ധൻ രംഗത്ത്. ന്യൂയോർക്ക് സിറ്റി മെഡിക്കൽ എക്സാമിനറുടെ ഔദ്യോഗിക രേഖകൾ വീണ്ടും വിശകലനം ചെയ്ത ഫോറൻസിക് മെഡിസിൻ പ്രൊഫസർ മൈക്കൽ ഫ്രീമാൻ, എപ്സ്റ്റീന്റെ മരണം കൊലപാതകമാണോ എന്നതിലേക്ക് വിരൽചൂണ്ടുന്ന പുതിയ ശാസ്ത്രീയ കണ്ടെത്തലുകൾ നവംബർ 16-ന് ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിൽ നടക്കുന്ന ചടങ്ങിൽ പുറത്തുവിടുമെന്ന് എപ്സ്റ്റീന്റെ സഹോദരൻ മാർക്ക് എപ്സ്റ്റീൻ വ്യക്തമാക്കി.
മരണസ്ഥലത്തുനിന്നും മൃതദേഹത്തിന്റെ ചിത്രങ്ങൾ എടുത്തിരുന്നില്ല എന്നതും, കഴുത്തിൽ മുറുകിയ കയറോ തുണിയോ ഭദ്രമായി സൂക്ഷിക്കുകയോ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കുകയോ ചെയ്തിട്ടില്ലെന്നതും ഉൾപ്പെടെയുള്ള ഗുരുതരമായ വീഴ്ചകൾ പുതിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ജയിലിൽ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന കിടക്കവിരിയുടെ ബയോമെക്കാനിക്കൽ വിശകലനം നടത്തിയ ഫ്രീമാൻ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്താത്ത നിരവധി പരിക്കുകൾ എപ്സ്റ്റീന്റെ ശരീരത്തിലുണ്ടായിരുന്നതായും വെളിപ്പെടുത്തി.
2019-ൽ ന്യൂയോർക്കിലെ ജയിലിൽ വെച്ച് എപ്സ്റ്റീൻ മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മാർക്ക് എപ്സ്റ്റീൻ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. അമേരിക്കയിൽ പ്രാബല്യത്തിൽ വന്ന എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരം സർക്കാരിലെ നിർണ്ണായക രേഖകൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, പ്രൊഫസർ ഫ്രീമാന്റെ കണ്ടെത്തലുകൾ എപ്സ്റ്റീന്റെ മരണവുമായി ബന്ധപ്പെട്ട നിഗൂഢതകൾ വീണ്ടും ആഗോളതലത്തിൽ വലിയ ചർച്ചയാക്കാൻ ഇടയാക്കും.














