ലോകത്തിന് ആശ്വാസം, ആഗോള ഊർജ്ജ പ്രതിസന്ധി മറികടക്കാൻ നീക്കം; എണ്ണശേഖരത്തിൽ നിന്നും 32.5 കോടി ബാരൽ വിപണിയിലിറക്കി ഐഇഎ

വാഷിംഗ്ടൺ: യുഎസ്-ഇറാൻ യുദ്ധത്തെ തുടർന്ന് ആഗോളതലത്തിൽ ഉടലെടുത്ത ഊർജ്ജക്ഷാമത്തിനും ഇന്ധനവിലക്കയറ്റത്തിനും ആശ്വാസമേകാൻ തങ്ങളുടെ സംരക്ഷിത ശേഖരത്തിൽ നിന്നും 32.5 കോടി ബാരൽ ക്രൂഡ് ഓയിലും അനുബന്ധ ഉൽപ്പന്നങ്ങളും വിപണിയിലെത്തിച്ചതായി ഇന്‍റർനാഷണൽ എനർജി ഏജൻസി. മാർച്ച് മാസത്തിൽ പ്രഖ്യാപിച്ച 40 കോടി ബാരൽ അടിയന്തര ശേഖരത്തിൽ നിന്നാണ് ഐഇഎ അംഗരാജ്യങ്ങൾ ഇത്രയും എണ്ണ വിതരണം ചെയ്തത്.

ആഗോളവിപണിയിൽ ഡീസൽ ലഭ്യതയിലുണ്ടായ കടുത്ത ക്ഷാമം പരിഹരിക്കാൻ ജി-7 രാജ്യങ്ങൾ 10 കോടി ബാരൽ ഡീസലും അസംസ്‌കൃത എണ്ണയും ഉടനടി വിപണിയിലിറക്കാൻ ധാരണയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഐഇഎ കണക്കുകൾ പുറത്തുവിട്ടത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ജി-7 രാജ്യങ്ങൾ തങ്ങളുടെ കരുതൽ ഡീസൽ ശേഖരം തുറന്നുനൽകാൻ തീരുമാനിച്ചത്. നിലവിൽ വിപണിയിലെത്തിച്ച 10 കോടി ബാരൽ മുൻപ് പ്രഖ്യാപിച്ച ഐഇഎ സമാഹരണത്തിന്റെ ഭാഗമാണോ അതോ അധിക സഹായമാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ തടസ്സപ്പെടുത്തിയതാണ് ആഗോള ഡീസൽ വിതരണത്തെ ഗുരുതരമായി ബാധിച്ചത്. കൂടാതെ റഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ ഉക്രൈൻ നടത്തുന്ന ആക്രമണങ്ങളും വിപണിയെ കൂടുതൽ ഉലച്ചിട്ടുണ്ട്. അടിയന്തര എണ്ണശേഖരം വിപണിയിലെത്തിയതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ ചെറിയ തോതിൽ കുറവുണ്ടായിട്ടുണ്ട്.

More Stories from this section

family-dental
witywide