
ന്യൂയോർക്ക്: ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ്റെ ന്യൂയോർക്ക് സന്ദർശനത്തിനിടെ, ഇന്ത്യയിൽ നിന്ന് കൊണ്ടുപോയ ലോകപ്രശസ്തമായ കോഹിനൂർ വജ്രം തിരികെ നൽകണമെന്ന് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി.
സെപ്റ്റംബർ 11 ഭീകരാക്രമണത്തിൻ്റെ സ്മരണാർത്ഥമുള്ള നാഷണൽ 9/11 മെമ്മോറിയൽ ആൻഡ് മ്യൂസിയം സന്ദർശിക്കാൻ രാജാവും രാജ്ഞി കാമിലയും എത്തിയപ്പോഴായിരുന്നു മേയറുടെ പ്രതികരണം. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണുന്നതടക്കമുള്ള ഔദ്യോഗിക പരിപാടികൾക്കായാണ് രാജകീയ ദമ്പതികൾ നഗരത്തിലെത്തിയത്.
ബ്രോങ്‌സിൽ നടന്ന വാർത്താ സമ്മേളനത്തിൽ, രാജാവുമായി സംസാരിക്കാൻ അവസരം ലഭിച്ചാൽ എന്ത് പറയുമെന്ന ചോദ്യത്തിന് മറുപടിയായാണ് മംദാനി ഇക്കാര്യം പറഞ്ഞത്. “എനിക്ക് രാജാവുമായി സംസാരിക്കാൻ കഴിഞ്ഞാൽ, കോഹിനൂർ വജ്രം തിരികെ നൽകാൻ ഞാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കും,” എന്ന് മംദാനി പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
വിവാദമായ കോഹിനൂർ
നൂറ് കാരറ്റിലധികം തൂക്കമുള്ള കോഹിനൂർ വജ്രം ബ്രിട്ടീഷ് കിരീടത്തിലെ ഏറ്റവും വിലപിടിപ്പുള്ള രത്നങ്ങളിലൊന്നാണ്. ഏകദേശം 100 കോടി ഡോളർ (ഏകദേശം 8,400 കോടി രൂപ) വിലമതിക്കുന്ന ഈ വജ്രം നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ നിന്നാണ് ബ്രിട്ടീഷുകാർ കൊണ്ടുപോയത്. നിലവിൽ ലണ്ടൻ ടവറിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. കൊളോണിയൽ കാലഘട്ടത്തിലെ അവശിഷ്ടങ്ങൾ തിരികെ നൽകണമെന്ന ആവശ്യത്തിൽ കോഹിനൂർ എന്നും തർക്കവിഷയമാണ്.
9/11 മെമ്മോറിയൽ സന്ദർശന വേളയിൽ മേയർ മംദാനിക്ക് പുറമെ ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ, ന്യൂജേഴ്‌സി ഗവർണർ മിക്കി ഷെറിൽ, മുൻ മേയർ മൈക്കൽ ബ്ലൂംബെർഗ് എന്നിവരുമായും രാജാവ് കൂടിക്കാഴ്ച നടത്തി. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച രാജാവും രാജ്ഞിയും സ്മാരകത്തിൽ പുഷ്പചക്രങ്ങൾ അർപ്പിക്കുകയും മൗനം ആചരിക്കുകയും ചെയ്തു.
അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് രാജാവ് ന്യൂയോർക്കിലെത്തിയത്. 2010-ൽ എലിസബത്ത് രാജ്ഞി നടത്തിയ സന്ദർശനത്തിന് ശേഷം ഇതാദ്യമായാണ് ഒരു ബ്രിട്ടീഷ് ഭരണാധികാരി ന്യൂയോർക്ക് സന്ദർശിക്കുന്നത്.
Return the Kohinoor to India… Mandani’s demand during Charles III’s visit to the US














