ഓൺലൈൻ ബന്ധം കൊലപാതകത്തിൽ കലാശിച്ചു, സോണിയയെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് 54കാരൻ

ഓൺലൈൻ ചാറ്റ് റൂമിലൂടെ പരിചയപ്പെട്ട ബ്രിട്ടീഷ് സംഗീത അധ്യാപികയെ അമേരിക്കയിലെത്തിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ നിർണായകമായി മാറി ഇരുവരും തമ്മിലുള്ള സന്ദേശങ്ങൾ. 32കാരിയായ സോണിയ എക്സൽബിയും 54കാരനായ ഡ്വെയ്ൻ ഹാളും തമ്മിലുള്ള ഓൺലൈൻ സംഭാഷണങ്ങളാണ് വിചാരണയ്ക്കിടെ കോടതിയിൽ ഹാജരാക്കിയത്.

ബ്രിട്ടനിലെ പോർട്സ്മൗത്ത് സ്വദേശിനിയായ സോണിയ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അമേരിക്കയിലെ ഫ്ലോറിഡയിലേക്ക് യാത്ര തിരിച്ചത്. ഓൺലൈൻ ചാറ്റ് റൂമിലൂടെ പരിചയപ്പെട്ട ഡ്വെയ്ൻ ഹാളിനെ നേരിൽ കാണുകയായിരുന്നു ലക്ഷ്യം. ഹാളിനെ കൂടാതെ തനിക്ക് ജീവിക്കാനാവില്ലെന്ന് സോണിയ സന്ദേശമയച്ചിരുന്നതായും കോടതിയിൽ വെളിപ്പെടുത്തി.

ഈജിപ്ഷ്യൻ മരണദേവനെ ആരാധിച്ചിരുന്ന ഹാൾ സ്വയം സാഡിസ്റ്റ് എന്നാണ് വിശേഷിപ്പിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ. മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന വ്യക്തിയാണ് സാഡിസ്റ്റ്. ഏകദേശം രണ്ട് വർഷത്തോളമായി ഇരുവരും ഓൺലൈനിലൂടെ ബന്ധപ്പെട്ടിരുന്നു.

ദീർഘകാലമായി മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന സോണിയയ്ക്ക് ബൈപോളാർ ഡിസോർഡറും ബുളീമിയയും ഉണ്ടായിരുന്നതായി കോടതി നടപടികളിൽ വ്യക്തമായി. ജീവനൊടുക്കാനുള്ള ആഗ്രഹം സോണിയ വിവിധ ഓൺലൈൻ സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നതായും പുറത്തുവന്നു. എന്നാൽ സ്വയം അതിന് കഴിയില്ലെന്നും തന്നെ കൊലപ്പെടുത്താൻ സഹായിക്കണമെന്നും സോണിയ ഹാളിനോട് ആവശ്യപ്പെട്ടിരുന്നതായാണ് പ്രോസിക്യൂഷന്റെ ആരോപണം. ഇതിനായി പണം നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു.

എന്നാൽ അമേരിക്കയിലെത്തിയതോടെ സോണിയയുടെ തീരുമാനത്തിൽ മാറ്റമുണ്ടായെന്നും കൊലപാതക പദ്ധതിയിൽനിന്ന് പിന്മാറാൻ അവർ ആഗ്രഹിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ ഹാൾ ഇതിന് തയ്യാറായില്ലെന്നാണ് ആരോപണം. തുടർന്ന് സോണിയയെ മർദിക്കുകയും പീഡിപ്പിക്കുകയും ഒടുവിൽ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.സോണിയയ്ക്ക് നേരത്തെയും മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും സ്വയം മുറിവേൽപ്പിക്കുന്ന ശീലമുണ്ടായിരുന്നുവെന്നും സഹോദരി ജെമ്മ ഇസാജ് കോടതിയിൽ മൊഴി നൽകി. അമിതമായി മരുന്നുകൾ കഴിച്ച് ജീവനൊടുക്കാൻ സോണിയ രണ്ടുതവണ ശ്രമിച്ചിട്ടുണ്ടെന്നും സഹോദരി വെളിപ്പെടുത്തി.കേസിൽ സോണിയയും ഹാളും തമ്മിലുള്ള സന്ദേശങ്ങൾ നിർണായക തെളിവുകളായാണ് പ്രോസിക്യൂഷൻ അവതരിപ്പിച്ചിരിക്കുന്നത്.