
കാലിഫോർണിയ: പ്രമുഖ അമേരിക്കൻ പോപ്പ് ഗായിക ബ്രിട്‌നി സ്പിയേഴ്‌സിനെതിരെ മദ്യപിച്ചും ലഹരിമരുന്ന് ഉപയോഗിച്ചും വാഹനമോടിച്ചതിന് കാലിഫോർണിയ പ്രൊസിക്യൂട്ടർമാർ ക്രിമിനൽ കേസ് ഫയൽ ചെയ്തു. കഴിഞ്ഞ മാർച്ചിൽ കാലിഫോർണിയയിലെ വെഞ്ചുറ കൗണ്ടിയിൽ വെച്ചാണ് താരം പിടിയിലായത്. മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും സ്വാധീനത്തിൽ വാഹനമോടിച്ചെന്ന കുറ്റമാണ് 44-കാരിയായ താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. മാർച്ച് 4-ന് ദക്ഷിണ കാലിഫോർണിയ ഹൈവേയിലൂടെ തൻ്റെ ബിഎംഡബ്ല്യു കാർ അമിതവേഗതയിലും അപകടകരമായ രീതിയിലും ഓടിച്ചതിനാണ് ബ്രിട്‌നി പിടിയിലായത്.
സംഭവത്തെത്തുടർന്ന് താരം സ്വമേധയാ ഒരു ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. താരത്തിൻ്റെ പ്രവർത്തി മാപ്പർഹിക്കാത്തതാണെന്ന് അവരുടെ പ്രതിനിധികൾ പ്രതികരിച്ചു. വരുന്ന തിങ്കളാഴ്ചയാണ് കോടതി കേസ് പരിഗണിക്കുന്നത്. ചെറിയ കുറ്റമായതിനാൽ ബ്രിട്‌നി നേരിട്ട് ഹാജരാകേണ്ടതില്ല. അപകടങ്ങളോ പരിക്കുകളോ സംഭവിക്കാത്തതിനാലും മുൻപ് സമാനമായ കുറ്റങ്ങൾ ഇല്ലാത്തതിനാലും താരത്തിന് ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യതയില്ലെന്നാണ് പ്രൊസിക്യൂട്ടർമാർ നൽകുന്ന സൂചന. പകരം പിഴയോ അല്ലെങ്കിൽ താരതമ്യേന ലഘുവായ മറ്റ് ശിക്ഷകളോ ലഭിച്ചേക്കാം.
രണ്ട് ആൺകുട്ടികളുടെ അമ്മയായ ബ്രിട്‌നി, ലോകത്തിലെ ഏറ്റവും പ്രശസ്തരായ പോപ്പ് താരങ്ങളിൽ ഒരാളാണ്. ‘ബേബി വൺ മോർ ടൈം’, ‘ടോക്സിക്’ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ അവരുടെ കരിയറിലുണ്ട്. 2021 വരെ നീണ്ട 13 വർഷക്കാലം തൻ്റെ പിതാവിൻ്റെ നിയന്ത്രണത്തിലുള്ള സംരക്ഷണ നിയമത്തിന് കീഴിലായിരുന്നു താരം. 2008-ൽ ബ്രിട്‌നിക്കുണ്ടായ ചില മാനസിക സമ്മർദ്ദങ്ങളെയും തകർച്ചകളെയും തുടർന്നാണ് പിതാവായ ജാമി സ്പിയേഴ്‌സിന് കോടതി ഈ അധികാരം നൽകിയത്. താരത്തിൻ്റെ സമ്പാദ്യം (ഏകദേശം 60 ദശലക്ഷം ഡോളർ), കരിയർ, ചികിത്സ, വ്യക്തിപരമായ തീരുമാനങ്ങൾ (ആരെ കാണണം, എവിടെ പോകണം എന്നത് ഉൾപ്പെടെ) എന്നിവയെല്ലാം തീരുമാനിച്ചിരുന്നത് പിതാവായിരുന്നു.
അറസ്റ്റിന് പിന്നാലെ താരത്തിന്റെ പ്രതിനിധി ബിബിസിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്: “ബ്രിട്‌നി നിയമങ്ങൾ പാലിച്ച് ശരിയായ വഴി തിരഞ്ഞെടുക്കും. അവരുടെ ജീവിതത്തിൽ കാലങ്ങളായി സംഭവിക്കേണ്ട മാറ്റത്തിൻ്റെ ആദ്യ ചുവടുവെപ്പായിരിക്കുമിത്. ഈ പ്രയാസകരമായ സമയത്ത് അവർക്ക് ആവശ്യമായ പിന്തുണയും സഹായവും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മക്കളും കുടുംബാംഗങ്ങളും അവർക്കൊപ്പം ഉണ്ടാകും.”
Britney Spears charged with driving under the influence of alcohol and drugs















