തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കണം, ട്രംപിന് ഇറാൻ്റെ മുന്നറിയിപ്പ്; ഹോർമുസ് കടലിടുക്ക് തർക്കത്തിൽ പ്രതികരണം, ‘ഉരുക്കു മതിൽ തകർക്കാനാവില്ല’

ടെഹ്റാൻ/വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം തങ്ങൾക്കാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ, യുഎസിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. യുഎസ് തീരുമാനങ്ങൾ എടുക്കുമ്പോൾ “ശ്രദ്ധിക്കണമെന്ന്” അദ്ദേഹം ട്രംപിനെ ഓർമ്മിപ്പിച്ചു.

“വ്യാജ വാർത്തകളേക്കാൾ അപകടകരമാണ് തെറ്റായ രഹസ്യാന്വേഷണ വിവരങ്ങൾ,” അരാഗ്ചി ‘എക്‌സിൽ’ കുറിച്ചു. “രഹസ്യാന്വേഷണ ഏജൻസികളുടെ പരാജയം കാരണം യുഎസ് നിരന്തരം തെറ്റായ കണക്കുകൂട്ടലുകൾ നടത്തുന്നു. ഇറാന് എതിരെയുള്ള യുദ്ധം ഇതിനൊരു ഉദാഹരണമാണ്. ഇപ്പോൾ ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിലും അവർ അതിലും വലിയ തെറ്റായ കണക്കുകൂട്ടലിലാണ് എത്തിനിൽക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ പ്രതികരണത്തിനുള്ള മറുപടിയായാണ് ഇറാന്റെ ഈ മുന്നറിയിപ്പ്. “ഹോർമുസ് കടലിടുക്കിന്മേൽ യുഎസിന് പൂർണ്ണ നിയന്ത്രണമുണ്ട്. ഞങ്ങളുടെ നാവിക ഉപരോധത്തെ എല്ലാവരും ‘ഉരുക്കു മതിൽ’ എന്നാണ് വിളിക്കുന്നത്. ഇതിനെതിരെ ചെയ്യാൻ ഇറാന് ഒന്നുമില്ല. അവർക്ക് നാവികസേനയോ വ്യോമസേനയോ ഇല്ല, ശേഷിക്കുന്ന സൈനികർക്ക് ശമ്പളം പോലും ലഭിക്കുന്നില്ല,” എന്നായിരുന്നു ട്രംപ് സോഷ്യൽ മീഡിയയായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചത്.

അതേസമയം, ട്രംപിന്റെ അവകാശവാദങ്ങൾ തള്ളിക്കൊണ്ട് ഇറാന്റെ മറ്റ് ഉന്നത നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ അടുത്ത അനുയായിയും മുതിർന്ന നേതാവുമായ ഹുസൈൻ തഈബ്, “ഹോർമുസ് കടലിടുക്കിൽ യു.എസ് മറ്റൊരു യുദ്ധത്തിന് തുടക്കമിട്ടെങ്കിലും അത് പരാജയപ്പെട്ടു,” എന്ന് വ്യക്തമാക്കിയതായി ഇറാന്റെ ‘ഫാഴ്‌സ്’ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ആഗോള ക്രൂഡ് ഓയിൽ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിന്റെ പരമാധികാരത്തെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിൽ തുടരുന്ന അവകാശവാദങ്ങളും തർക്കങ്ങളും വിപണിയിലെ കപ്പൽ ഗതാഗതത്തെ പൂർണ്ണമായും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

More Stories from this section

family-dental
witywide