
മെൽബൺ: ഓസ്ട്രേലിയൻ സ്വതന്ത്ര പാർലമെന്റ് അംഗം ഹെലൻ ഹെയ്ൻസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ആസൂത്രിതമായ വധശ്രമമാണെന്ന് സ്ഥിരീകരിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വിക്ടോറിയ സ്റ്റേറ്റിലെ വംഗരട്ടയിലുള്ള എംപിയുടെ ഓഫീസ് പരിസരത്തുവെച്ചായിരുന്നു അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിച്ച ക്രൂരമായ അക്രമണം നടന്നത്. അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 65 കാരിയായ എംപി നിലവിൽ അതീവ ഗുരുതരാവസ്ഥയിൽ മെൽബണിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന തന്റെ കാറിന്റെ ബൂട്ട് തുറന്ന് സാധനങ്ങൾ പുറത്തെടുക്കുകയായിരുന്നു എംപി ഹെലൻ ഹെയ്ൻസ്. ഈ സമയത്താണ് വെള്ള നിറത്തിലുള്ള ഒരു ലാൻഡ് ക്രൂയിസർ എസ്യുവി ഇവരെ ലക്ഷ്യമാക്കി പാഞ്ഞടുത്തത്. എംപിയെ ഇടിച്ചുതെറിപ്പിച്ച ശേഷം പ്രതി വാഹനം ബോധപൂർവ്വം യു-ടേൺ എടുക്കുകയും, തുടർന്ന് വീണ്ടും കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വണ്ടി പിന്നോട്ടെടുത്ത് രണ്ടാമതും ഇടിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി ടോണി ബർക്ക് വ്യക്തമാക്കി.
ക്രൂരമായ അക്രമത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു വഴിയാത്രക്കാരൻ ജീവൻ പണയപ്പെടുത്തി തടഞ്ഞുവെക്കുകയായിരുന്നു. ഇയാൾ പ്രതിയെ കാറിൽ നിന്നും വലിച്ച് പുറത്തിറക്കി നിലത്തു കിടത്തി പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയുടെ വാഹനത്തിനുള്ളിൽ നിന്നും പൊലീസ് മാരകമായ ഒരു കത്തിയും കണ്ടെടുത്തു. സമീപ പ്രദേശമായ താരാവിംഗിയിൽ നിന്നുള്ള 43 കാരനായ ബ്രണ്ടൻ നുജെന്റ് ആണ് പിടിയിലായ പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
അപകടം നടന്നയുടൻ വംഗരട്ടയിലെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ച എംപിയെ, നില വഷളായതിനെ തുടർന്ന് എയർ ആംബുലൻസ് മാർഗ്ഗം മെൽബണിലെ ആൽഫ്രഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാത്രി മുഴുവൻ നീണ്ടുനിന്ന അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും, ഗുരുതരമായ പരിക്കുകൾ കാരണം എംപിയുടെ ഒരു കാൽ മുറിച്ചുമാറ്റേണ്ടി വന്നതായാണ് ഏറ്റവും പുതിയ മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റേ കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
“ഇതൊരു സാധാരണ അപകടമല്ല, മറിച്ച് വ്യക്തമായ ലക്ഷ്യത്തോടെയുള്ള ആസൂത്രിതമായ അക്രമണമാണ്” എന്ന് പ്രധാനമന്ത്രി ആന്റണി അൽബാനീസ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഓസ്ട്രേലിയൻ ഫെഡറൽ പൊലീസും ഓസ്ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷനും ചേർന്നുള്ള പ്രത്യേക ഭീകരവിരുദ്ധ ദൗത്യസംഘം അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. അക്രമത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യം എന്താണെന്ന് കണ്ടെത്താൻ പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഓസ്ട്രേലിയയിൽ രാഷ്ട്രീയക്കാർക്ക് നേരെ വർദ്ധിച്ചുവരുന്ന ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ അക്രമണമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
Brutal assassination attempt on Australian MP















