
വാഷിംഗ്ടൺ: ഫെഡറൽ സ്റ്റുഡന്റ് ലോൺ തിരിച്ചടവിൽ വീഴ്ച വരുത്തിയ അമേരിക്കൻ പൗരന്മാരെ കണ്ടെത്താനും തുക ഈടാക്കാനും സ്വകാര്യ ഡെറ്റ് കളക്ടർമാരെ (കടം വസൂലാക്കുന്ന ഏജൻസികൾ) നിയമിക്കാൻ ഡോണൾഡ് ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോർട്ട്. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഈ പദ്ധതി നടപ്പിലാക്കാനാണ് ട്രംപിന്റെ ട്രഷറി വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ‘വാഷിംഗ്ടൺ സൺ’ റിപ്പോർട്ട് ചെയ്തു.
ലഭ്യമായ വിവരങ്ങൾ പ്രകാരം നവംബർ മാസത്തോടെ തന്നെ സ്വകാര്യ ഏജൻസികളെ ഇതിനായി നിയോഗിച്ചേക്കും. ജൂലൈയിലെ ഒരു പി.ബി.എസ് റിപ്പോർട്ട് അനുസരിച്ച്, ഫെഡറൽ ലോൺ എടുത്ത അഞ്ചിൽ ഒരാൾ വീതം തിരിച്ചടവിൽ വീഴ്ച വരുത്തുന്നുണ്ട്. നിലവിൽ ഏകദേശം 95 ലക്ഷത്തോളം അമേരിക്കക്കാരാണ് ഇത്തരത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ളത്.
സ്റ്റുഡന്റ് ലോൺ കുടിശ്ശികക്കാരെ ലക്ഷ്യംവെച്ച് ട്രംപ് ഭരണകൂടം മുൻപും രംഗത്തെത്തിയിരുന്നു. കോവിഡ് കാലത്തെ ഇളവുകൾക്ക് ശേഷം കുടിശ്ശിക പിരിച്ചെടുക്കൽ പുനരാരംഭിക്കുമെന്ന് 2025 ഏപ്രിലിൽ വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരുന്നു. ശമ്പളം പിടിച്ചുവെക്കൽ, നികുതി റീഫണ്ടുകൾ തടഞ്ഞുവെക്കൽ തുടങ്ങിയ കർശന നടപടികളാണ് അന്ന് പ്രഖ്യാപിച്ചതെങ്കിലും രാഷ്ട്രീയമായ തിരിച്ചടികൾ ഭയന്ന് പിന്നീട് ഇതിൽ നിന്നും പിന്മാറുകയായിരുന്നു. 2025 ജനുവരിയിൽ ഇത്തരം നിർബന്ധിത പിരിവുകൾ ട്രംപ് ഭരണകൂടം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഈ ഇളവ് ഇപ്പോഴും തുടരുകയാണ്.
നിർബന്ധിതമായി പണം ഈടാക്കുന്നതിന് പകരം, കടമെടുത്തവർ സ്വമേധയാ തിരിച്ചടയ്ക്കുന്ന രീതി കൊണ്ടുവരാനാണ് ട്രഷറി വകുപ്പിന് താല്പര്യം. എങ്കിലും 2026-27 സാമ്പത്തിക വർഷത്തോടെ ഈ പദ്ധതി പൂർണ്ണമായി നടപ്പിലാക്കാൻ ഭരണകൂടത്തിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നുണ്ട്.
നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന റോയിട്ടേഴ്സ്-ഇപ്സോസ് പോൾ സർവേ പ്രകാരം ഡോണൾഡ് ട്രംപിന്റെ ജനപ്രീതി എക്കാലത്തെയും താഴ്ന്ന നിരക്കായ 31 ശതമാനത്തിൽ എത്തിനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന് മുൻപ് ഇത്തരമൊരു നീക്കം നടത്തുന്നത് രാഷ്ട്രീയമായി വലിയ ദോഷം ചെയ്യുമെന്നും, അതിനാൽ കരാറുകൾ ഒപ്പിട്ട് 2027-ഓടെ പദ്ധതി പൂർണ്ണമായി നടപ്പിലാക്കാനാണ് സാധ്യതയെന്നും ട്രഷറി വകുപ്പിലെ ചില ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
Trump administration to hire private agencies to track down student loan defaulters; 9.5 million Americans to face the consequences.















