
വാഷിംഗ്ടൺ: യുഎസിലെ കാലിഫോർണിയയിൽ വോട്ടർ പട്ടികയിൽ വ്യാജമായി പേര് ചേർത്ത കേസിൽ രണ്ട് ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 28 വിദേശികളെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് അറസ്റ്റ് ചെയ്തു. യുഎസ് തെരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകൾ തടയുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുന്നതിനുമായി കാലിഫോർണിയയിലെ നാല് യുഎസ് അറ്റോർണി ഓഫീസുകൾ സംയുക്തമായി നടത്തിയ നീക്കത്തിലാണ് അറസ്റ്റ്.
അറസ്റ്റിലായ 28 പേരും യുഎസിലെ “ഗ്രീൻ കാർഡ്” (പെർമനന്റ് റെസിഡന്റ്) ഉടമകളാണ്. യുഎസ് പൗരന്മാരല്ലെങ്കിലും കാലിഫോർണിയയിലെ വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്തതടക്കമുള്ള പൗരത്വ തട്ടിപ്പ് കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. റാഞ്ചോ പാലോസ് വെർഡെസ് താമസക്കാരിയായ അമൻദീപ് കൗർ (30), സാക്രമെന്റോ സ്വദേശിയായ കമലേഷ് നവനീത്ലാൽ ഷാ (67) എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ പൗരന്മാർ.
യുഎസ് പൗരത്വത്തിനായി അപേക്ഷ നൽകിയിട്ടുള്ള അമൻദീപ് കൗർ, 2022-ലെ ഇടക്കാല തെരഞ്ഞെടുപ്പിലും 2024-ലെ പൊതുതെരഞ്ഞെടുപ്പിലും വ്യാജമായി വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്തതായും, കമലേഷ് നവനീത്ലാൽ ഷാ 2024-ലെ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതായും അന്വേഷണസംഘം കണ്ടെത്തി. പൗരത്വത്തിനായുള്ള അപേക്ഷകളിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാണ് മറ്റ് ചിലർക്കെതിരെ കേസെടുത്തിരിക്കുന്നത്.
സംസ്ഥാനത്ത് പൗരത്വമില്ലാത്ത 20,000-ത്തിലധികം പേർ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയമുള്ളതായി കാലിഫോർണിയ ആക്ടിംഗ് ഡെപ്യൂട്ടി അറ്റോർണി ജനറൽ ട്രെന്റ് മക്കോട്ടർ വ്യക്തമാക്കി. കാലിഫോർണിയ ഭരണകൂടം ഈ പട്ടിക പരിശോധിക്കാൻ വിസമ്മതിച്ചതായും, തപാൽ വോട്ടുകൾ എണ്ണുന്നതിന് മുൻപ് ഇവരുടെ പൗരത്വം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൗരന്മാരല്ലാത്തവർ വോട്ട് ചെയ്യുന്നത് കുറ്റകരമാക്കുന്ന ഫെഡറൽ നിയമം പാലിക്കാൻ കാലിഫോർണിയ തയാറാകുന്നില്ലെന്ന് ഫസ്റ്റ് അസിസ്റ്റന്റ് യുഎസ് അറ്റോർണി ബിൽ എസ്സായിലിയും ആരോപിച്ചു.
വ്യാജ വോട്ടർ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴ് ആഴ്ചകൾക്കുള്ളിൽ 20 യുഎസ് സംസ്ഥാനങ്ങളിൽ നിന്നായി 113 പേരെ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 50-ഓളം പേർക്കെതിരെ പൗരന്മാരല്ലാതെ വോട്ട് രേഖപ്പെടുത്തിയതിനാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
Attempt to vote in the US without citizenship; list of 20,000 fraudulent voters revealed, two Indians arrested.















