കാലിഫോർണിയയിൽ വൻ ദുരന്തസാധ്യത; കെമിക്കൽ ടാങ്ക് ഏതുസമയത്തും പൊട്ടിത്തെറിച്ചേക്കാം, 40,000 പേരെ ഒഴിപ്പിച്ചു

ലോസ് ആഞ്ചലസ്: തെക്കൻ കാലിഫോർണിയയിലെ പ്രമുഖ എയറോസ്പേസ് നിർമ്മാണ ശാലയിലുള്ള കൂറ്റൻ രാസവസ്തു ടാങ്ക് ഏതുസമയത്തും പൊട്ടിത്തെറിച്ചേക്കാമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. പ്ലാസ്റ്റിക് നിർമ്മാണത്തിന് ഉപയോഗിക്കുന്നതും എളുപ്പത്തിൽ തീപിടിക്കുന്നതുമായ ‘മീഥൈൽ മെതാക്രെിലേറ്റ്’ അടങ്ങിയ ടാങ്കാണ് അപകടാവസ്ഥയിലുള്ളത്. തുടർന്ന് പ്രദേശത്തെ നാൽപ്പതിനായിരത്തോളം താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഗാർഡൻ ഗ്രോവിലെ ‘ജികെഎൻ എയറോസ്പേസ്’ ഫാക്ടറിയിലാണ് സംഭവം. പ്രതിസന്ധിയെത്തുടർന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ഓറഞ്ച് കൗണ്ടിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ഏകദേശം 7,000 ഗാലൻ രാസവസ്തുവാണ് ടാങ്കിലുള്ളതെന്ന് ഓറഞ്ച് കൗണ്ടി ഫയർ അതോറിറ്റി അറിയിച്ചു. ടാങ്കിൻ്റെ വാൽവിനുണ്ടായ തകരാറിനെത്തുടർന്ന് ഉള്ളിൽ രാസപ്രവർത്തനം നടക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ നിലവിലില്ലാത്തതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. ടാങ്കിനുള്ളിലെ താപനില മണിക്കൂറിൽ ഒരു ഡിഗ്രി വീതം ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. തൻ്റെ ഔദ്യോഗിക ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അപകടകരമായ സാഹചര്യമാണിതെന്ന് ഫയർ അതോറിറ്റി ഇൻസിഡൻ്റ് കമാൻഡർ ക്രെയ്ഗ് കോവി പറഞ്ഞു.

അതേസമയം, കഴിഞ്ഞ രാത്രി നടത്തിയ അപകടകരമായ പരിശോധനയിൽ ടാങ്കിൽ ചെറിയൊരു വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ഉള്ളിലെ കടുത്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. എങ്കിലും അപകടസാധ്യത പൂർണ്ണമായി ഒഴിവായിട്ടില്ല. ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസിയുടെ നേതൃത്വത്തിൽ ടാങ്ക് തണുപ്പിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്.

രണ്ട് തരത്തിലുള്ള ഭീഷണി

ടാങ്ക് തകർന്നാൽ രണ്ട് തരത്തിലുള്ള അപകടങ്ങളാണ് അഗ്നിശമനസേന പ്രവചിക്കുന്നത്. ഒന്നുകിൽ ടാങ്ക് പൊട്ടിത്തെറിച്ച് രാസവസ്തുക്കൾ അന്തരീക്ഷത്തിൽ പടരാം. സ്വയം ചൂട് ഉത്പാദിപ്പിക്കുന്ന രാസവസ്തുവായതിനാൽ അന്തരീക്ഷത്തിലെ ചെറിയൊരു സ്പാർക്ക് പോലും വൻ സ്ഫോടനത്തിന് കാരണമായേക്കാം. രണ്ടാമത്തെ സാധ്യത, ടാങ്ക് തകർന്ന് രാസവസ്തുക്കൾ പുറത്തേക്ക് ഒഴുകുക എന്നതാണ്. വായുവിനേക്കാൾ ഭാരമുള്ള രാസവസ്തുവായതിനാൽ ഇത് തറനിരപ്പിൽ തങ്ങിനിൽക്കും. രാസവസ്തുക്കൾ അടുത്തുള്ള ഓടകളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുകാതിരിക്കാൻ മണൽച്ചാക്കുകൾ ഉപയോഗിച്ച് താൽക്കാലിക തടസ്സങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

ആരോഗ്യ പ്രത്യാഘാതങ്ങൾ

മനുഷ്യ ശരീരത്തിന് കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് മീഥൈൽ മെതാക്രെിലേറ്റ്. ഇത് ശ്വാസകോശത്തെയും ചർമ്മത്തെയും കണ്ണുകളെയും ദോഷകരമായി ബാധിക്കും. ശ്വാസതടസ്സം, കടുത്ത അസ്വസ്ഥതകൾ, തലകറക്കം, ഓക്കാനം എന്നിവയ്ക്ക് ഇത് കാരണമാകാം.

നിലവിൽ വായുവിലേക്ക് വിഷപ്പുകയോ മറ്റ് രാസകണികകളോ പടർന്നിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. എങ്കിലും മുൻകരുതലിൻ്റെ ഭാഗമായി ഒരു മൈൽ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നിന്നും ആളുകളെ പൂർണ്ണമായി ഒഴിപ്പിച്ചു. മറ്റുള്ളവരോട് വീടുകൾക്കുള്ളിൽ തന്നെ തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

California Chemical tank could explode at any time, 40,000 people evacuated

More Stories from this section

family-dental
witywide