
വാഷിംഗ്ടൺ: ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് ധനസഹായം കണ്ടെത്തുന്നതിനായി കോടീശ്വരന്മാരുടെ സമ്പത്തിന് മേൽ പ്രത്യേക നികുതി ചുമത്തുന്ന പുതിയ ബില്ലിന് മേൽ അടുത്ത മാസം കാലിഫോർണിയയിലെ വോട്ടർമാർ ജനവിധി തേടാനിരിക്കെ, ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് സ്റ്റാൻഫോർഡ് സർവകലാശാലയിലെ സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. നികുതി ഭയം മൂലം നിരവധി കോടീശ്വരന്മാർ ഇതിനോടകം സംസ്ഥാനം വിട്ടുകഴിഞ്ഞതായും ഇത് പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ നികുതി വരുമാനമേ ലഭ്യമാക്കൂ എന്നും പുതിയ പഠനം വ്യക്തമാക്കുന്നു.
നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ച് പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ട് പ്രകാരം, വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് പീറ്റർ തീൽ, ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജ്, സെർജി ബ്രിൻ എന്നിവരുൾപ്പെടെ ഏഴ് പ്രമുഖ കോടീശ്വരന്മാർ ഇതിനോടകം കാലിഫോർണിയ വിട്ടുപോയിക്കഴിഞ്ഞു. ഇത് സംസ്ഥാനത്തെ ആകെ കോടീശ്വരന്മാരുടെ സമ്പത്തിന്റെ 30 ശതമാനത്തോളം വരും (ഏകദേശം 540 ബില്യൺ ഡോളർ). ബില്ലിന്റെ പ്രഖ്യാപനത്തിന് ശേഷം മറ്റ് പലരും നിശബ്ദമായി സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കോടീശ്വരന്മാരുടെ സമ്പത്തിന് മേൽ ഒറ്റത്തവണയായി 5 ശതമാനം നികുതി ചുമത്താനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്.
വരുമാനത്തിൽ വൻ ഇടിവ് ഉണ്ടായേക്കാം
നികുതി ബില്ല് അവതരിപ്പിച്ചതിനെ തുടർന്ന് കോടീശ്വരന്മാർ സംസ്ഥാനം വിട്ടത് മൂലം പ്രതീക്ഷിച്ച 100 ബില്യൺ ഡോളറിന് പകരം 30 ബില്യൺ ഡോളർ മാത്രമെ സമാഹരിക്കാൻ കഴിഞ്ഞേക്കുമെന്ന് സ്റ്റാൻഫോർഡ് സാമ്പത്തിക വിദഗ്ധരായ ബെഞ്ചമിൻ ജാരോസും ജോഷ്വ റൗഹും വ്യക്തമാക്കുന്നു. എന്നാൽ ഈ കോടീശ്വരന്മാർ ഒഴിഞ്ഞുപോയത് വഴി കാലിഫോർണിയയ്ക്ക് ആദായനികുതി ഇനത്തിൽ മാത്രം വർഷം തോറും 1 ബില്യൺ മുതൽ 3.5 ബില്യൺ ഡോളർ വരെ നഷ്ടപ്പെടും. ദീർഘകാലാടിസ്ഥാനത്തിൽ ഇത് പുതിയ നികുതിയിലൂടെ ലഭിക്കുന്ന വരുമാനത്തേക്കാൾ വളരെ കൂടുതലായിരിക്കുമെന്നും ഇവർ കണക്കാക്കുന്നു.
യൂണിയന്റെ പ്രതികരണവും മറ്റ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായവും
എന്നാൽ ഈ പഠന റിപ്പോർട്ട് ആരോഗ്യ പ്രവർത്തകരുടെ യൂണിയനായ SEIU-UHW തള്ളിക്കളഞ്ഞു. കാലിഫോർണിയയുടെ ആരോഗ്യ സംരക്ഷണ സംവിധാനം തകർച്ചയിൽ നിന്ന് രക്ഷിക്കുന്നതിനും കോടീശ്വരന്മാർ അർഹമായ നികുതി നൽകുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നിയമമെന്ന് യൂണിയൻ വൈസ് പ്രസിഡന്റ് ഡെബ്രു കാർത്തൻ വ്യക്തമാക്കി.
മറുവശത്ത്, നോബൽ സമ്മാന ജേതാക്കളായ ഡാരോൺ അസെമോഗ്ലു (എം.ഐ.ടി), ജോസഫ് സ്റ്റാഗ്‌ലിറ്റ്സ് (കൊളംബിയ സർവകലാശാല) തുടങ്ങിയ പ്രമുഖ സാമ്പത്തിക വിദഗ്ധർ ഈ ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഏതാനും കോടീശ്വരന്മാരെ നികുതിയിൽ നിന്ന് ഒഴിവാക്കുന്നതിന് പകരം ആരോഗ്യവും വിദ്യാഭ്യാസവും പോലുള്ള പൊതുമേഖലകളിൽ പണം മുടക്കുന്നത് വഴിമാത്രമേ കാലിഫോർണിയയ്ക്ക് ഭാവിയിൽ വളർച്ച നേടാനാകൂ എന്ന് ഇവർ വ്യക്തമാക്കുന്നു.















