കോടീശ്വരന്മാർക്കുള്ള പ്രത്യേക നികുതി, പ്രൊപ്പോസിഷൻ 40 കാലിഫോർണിയയിൽ പരാജയപ്പെട്ടു; പദ്ധതി തള്ളി വോട്ടർമാർ

സാക്രമെന്റോ: കാലിഫോർണിയയിലെ അതിസമ്പന്നരായ കോടീശ്വരന്മാർക്ക് മേൽ പുതിയ നികുതി ചുമത്താനുള്ള പ്രൊപ്പോസിഷൻ 40 (Proposition 40) വോട്ടർമാർ തള്ളിക്കളഞ്ഞു. റെക്കോർഡ് തുക ചെലവഴിച്ചുള്ള കനത്ത പ്രചാരണങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും ഒടുവിലാണ് നിർദ്ദേശം പരാജയപ്പെട്ടത്.

റിയൽ എസ്റ്റേറ്റും ചില റിട്ടയർമെന്‍റ് ആനുകൂല്യങ്ങളും ഒഴികെ, ഒരു ബില്യൺ ഡോളറിലധികം ആസ്തിയുള്ള കാലിഫോർണിയയിലെ താമസക്കാരുടെ മേൽ ഒറ്റത്തവണയായി അഞ്ച് ശതമാനം നികുതി ചുമത്തുന്നതായിരുന്നു പ്രൊപ്പോസിഷൻ 40. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 ബില്യൺ ഡോളർ സമാഹരിക്കാമെന്നും, ഇതിന്റെ 90 ശതമാനം തുക ആരോഗ്യ സംരക്ഷണ പദ്ധതികൾക്കും ബാക്കി 10 ശതമാനം വിദ്യാഭ്യാസം, ഭക്ഷണ സഹായം എന്നിവയ്ക്കും ഉപയോഗിക്കാമെന്നുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

സമ്പത്ത് കുമിഞ്ഞുകൂടുന്നതിനെതിരെയുള്ള പോരാട്ടമായാണ് അനുകൂലികൾ ഇതിനെ കണ്ടിരുന്നതെങ്കിലും, ഇത് സമ്പന്നരായ പൗരന്മാർ സംസ്ഥാനം വിട്ടുപോകാൻ ഇടയാക്കുമെന്നും നികുതി വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ഗവർണർ ഗാവിൻ ഗ്യുസം അടക്കമുള്ള പ്രമുഖർ ഇതിനെ എതിർത്തിരുന്നു. ഗൂഗിൾ സഹസ്ഥാപകരായ സെർജി ബ്രിൻ, ലാറി പേജ്, പീറ്റർ തീൽ തുടങ്ങിയ പ്രമുഖ കോടീശ്വരന്മാരും പദ്ധതിയെ പരാജയപ്പെടുത്താൻ ലക്ഷ്യമിട്ട് വലിയ തുകകളാണ് സംഭാവനയായി നൽകിയത്. അതേസമയം, എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് ഉൾപ്പെടെയുള്ള ചുരുക്കം ചില കോടീശ്വരന്മാർ പ്രൊപ്പോസിഷൻ 40നെ പിന്തുണച്ചിരുന്നു.

More Stories from this section

family-dental
witywide