
കീവ്: റഷ്യ ശക്തമായ മിസൈലാക്രമണം നടത്തിയ ദിവസങ്ങളിൽ യുക്രെയ്ന് യുഎസിൽ നിന്ന് കൃത്യസമയത്ത് മുന്നറിയിപ്പുകൾ ലഭിച്ചില്ലെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച പുലർച്ചെ കീവിലും മറ്റ് നഗരങ്ങളിലും റഷ്യ ബാലസ്റ്റിക് മിസൈൽ വർഷം നടത്തിയപ്പോൾ തങ്ങൾക്ക് പങ്കാളികളിൽ നിന്ന് മുൻകൂട്ടി മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി വ്യക്തമാക്കി. മോശം കാലാവസ്ഥ കാരണം മിസൈൽ വിക്ഷേപണങ്ങൾ കണ്ടെത്താൻ ഉപയോഗിക്കുന്ന സംവിധാനങ്ങൾ പരാജയപ്പെട്ടുവെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥർ ഇതിന് വിശദീകരണം നൽകിയത്.
എന്നാൽ ഈ വാദം യുക്രെയ്ൻ അധികൃതർ പൂർണ്ണമായി തള്ളിക്കളഞ്ഞു. റഷ്യയുടെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അമേരിക്ക സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള വീഴ്ചകളെന്നാണ് യുക്രെയ്ൻ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. കഴിഞ്ഞ രാത്രികളിൽ റഷ്യ നടത്തിയ തുടർച്ചയായ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾക്ക് വൈദ്യുതി തടസ്സം നേരിടുകയും ചെയ്തിരുന്നു.
ഇതിനിടയിൽ യുക്രേനിയൻ സൈന്യത്തിന് നിർണായകമായ ആശയവിനിമയ സംവിധാനമായ ഇലോൺ മസ്കിന്റെ ‘സ്റ്റാർലിങ്ക്’ സേവനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാവേളകളിൽ മിലിട്ടറി പാക്കേജ് ടെർമിനലുകളുടെ പ്രവർത്തനത്തിൽ സ്പേസ്എക്സ് ഏകപക്ഷീയമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ഉക്രെയ്ൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇത് ഡ്രോൺ പ്രതിരോധ പ്രവർത്തനങ്ങളെയും മുൻനിര ലോജിസ്റ്റിക്സിനെയും സാരമായി ബാധിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ യു.എസുമായും നാറ്റോ സഖ്യകക്ഷികളുമായും ചർച്ചകൾ തുടരുകയാണെന്ന് യുക്രെയ്ൻ അറിയിച്ചു.













