
ന്യൂയോർക്ക്: അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര തർക്കം പുതിയ തലത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ മാസം കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക തീരുവ ഏർപ്പെടുത്തിയതിന് പ്രതികാരമായി, ചൊവ്വാഴ്ച പുലർച്ചെ മുതൽ ഏകദേശം 2,000 കോടി ഡോളർ മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 15 മുതൽ 50 ശതമാനം വരെ കാനഡ ഇറക്കുമതി തീരുവ ചുമത്തി. കടലാസ് ഉൽപ്പന്നങ്ങൾ, നിർമ്മാണ സാമഗ്രികൾ, ഗാർഹിക ഉപകരണങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയ്ക്കാണ് കാനഡ പുതിയ നികുതി ഏർപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന വ്യാപാര ചർച്ചകൾ അവസാന നിമിഷം പരാജയപ്പെട്ടിരുന്നു. ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിൽ രൂക്ഷമായ വാഗ്വാദമാണ് നടക്കുന്നത്. കാനഡയിലെ പ്രമുഖ വിമാന നിർമ്മാണ കമ്പനിയായ ബോംബാർഡിയർ തങ്ങളുടെ വിമാനങ്ങൾ അമേരിക്കയിൽ നിർമ്മിച്ചില്ലെങ്കിൽ രാജ്യത്ത് വിൽക്കുന്നത് നിരോധിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.
അമേരിക്കൻ വിപണി വേണമെങ്കിൽ നിർമ്മാണം ഇവിടെത്തന്നെ നടത്തണമെന്നും അമേരിക്കയെ സമ്പാദ്യപെട്ടിയായി കാണുന്നത് അവസാനിപ്പിക്കണമെന്നും ട്രംപ് വ്യക്താമാക്കി. എന്നാൽ, ട്രംപിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മോൺട്രിയൽ ആസ്ഥാനമായ ബോംബാർഡിയർ രംഗത്തെത്തി. തങ്ങൾക്ക് അമേരിക്കയിൽ ശക്തമായ നിർമ്മാണ ശൃംഖലയുണ്ടെന്നും, പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ അവിടെ സൃഷ്ടിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾ കൂടുതൽ സങ്കീർണ്ണമായ ഘട്ടത്തിലേക്കാണ് നീങ്ങുന്നത്.














