അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റത്തെച്ചൊല്ലി ഇസ്രയേലും യുകെയും തമ്മിലുള്ള നയതന്ത്ര തർക്കം കടുത്തു. വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റ മേഖലകളിൽ നിന്നുള്ള ഇറക്കുമതി നിരോധിക്കാൻ ബ്രിട്ടൻ തീരുമാനിച്ചതിന് പിന്നാലെ, ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചുപൂട്ടാൻ ഇസ്രയേൽ ഉത്തരവിട്ടു. പലസ്തീനികൾക്കെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ കടുപ്പത്തിൽ അപലപിച്ച ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡ് ആണ് ഉപരോധ നടപടികൾ പ്രഖ്യാപിച്ചത്. വെസ്റ്റ് ബാങ്കിലെ ചില പ്രദേശങ്ങളിൽ പലസ്തീനികളെ വംശീയമായി ഉന്മൂലനം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബ്രിട്ടന് പുറമെ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും 12 രാജ്യങ്ങൾ ചേർന്ന് ഇസ്രയേലിന്റെ അധിനിവേശ നടപടികൾക്കെതിരെ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ഫ്രാൻസ്, കാനഡ, ഡെൻമാർക്ക്, സ്‌പെയിൻ, ഫിൻലാൻഡ്, അയർലൻഡ്, ഐസ്ലൻഡ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് യുകെയ്ക്ക് പുറമെ ഈ സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്.
ഉപരോധ പ്രഖ്യാപനത്തിന് പിന്നാലെ ബ്രിട്ടനെതിരെ ശക്തമായ തിരിച്ചടി നടപടികളുമായി ഇസ്രയേലും രംഗത്തെത്തി. ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചുപൂട്ടുന്നതിനൊപ്പം കിര്യത് ഗാറ്റിലുള്ള ‘ഇന്റർനാഷണൽ ഗാസ സപ്പോർട്ട് സെന്ററി’ൽ നിന്ന് ബ്രിട്ടീഷ് പ്രതിനിധികളെ പുറത്താക്കാനും ഇസ്രയേൽ തീരുമാനിച്ചു. കൂടാതെ റമല്ലയിൽ പലസ്തീൻ അതോറിറ്റി സുരക്ഷാ സേനയ്ക്ക് പരിശീലനം നൽകുന്ന ബ്രിട്ടീഷ് സഹായ സംഘത്തെ പിരിച്ചുവിടുകയും 11 എം.പിമാരും ഒരു അഭിഭാഷകനുമടക്കം 12 ബ്രിട്ടീഷ് പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ തർക്കത്തിൽ തങ്ങൾ ഇടപെടില്ലെന്ന് യു.എസ് വ്യക്തമാക്കി.
Israel-UK Row Escalates: Israel Closes British Consulate and Bans UK MPs Following West Bank Sanctions















