ബഹാമാസിന് സമീപം വിമാനം കാണാതായി; പൈലറ്റും കുടുംബാംഗങ്ങളും ഉൾപ്പെടെ നാല് പേർക്കായി തെരച്ചിൽ തുടരുന്നു

മിയാമി: ഫ്ലോറിഡയിലേക്ക് മടങ്ങിയ കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന ചെറിയ വിമാനം ബഹാമാസിന് സമീപം കാണാതായി. തിങ്കളാഴ്ച രാവിലെ ഗ്രേറ്റ് ഹാർബർ കേയിൽ നിന്ന് പുറപ്പെട്ട ‘പിഎ-34 പൈപ്പർ’ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അമേരിക്കൻ കോസ്റ്റ് ഗാർഡും ബഹാമാസ് അധികൃതരും സംയുക്തമായി തെരച്ചിൽ ആരംഭിച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാവിലെ 10:12-ന് പുറപ്പെട്ട വിമാനം മിയാമി എക്സിക്യൂട്ടീവ് എയർപോർട്ടിലേക്ക് പോകുന്നതിനിടെ രാവിലെ 11:04-നാണ് അവസാനമായി ആശയവിനിമയം നടത്തിയത്. ആൻഡ്രോസ് ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്ത് റെഡ് ബേസിന് സമീപം വിമാനം കടലിൽ തകർന്നുവീണതായി സംശയിക്കുന്നതായി ബഹാമാസ് പോലീസ് വ്യക്തമാക്കി.

വിമാനത്തിൽ ഉണ്ടായിരുന്ന പൈലറ്റ് മാരിയോ ലമാർ (80), ഭാര്യ ലിലി ലമാർ (79), അവരുടെ പേരക്കുട്ടികളായ സോഫിയ സോസ (28), ക്രിസ്റ്റ്യൻ സോസ (22) എന്നിവരെയാണ് കാണാതായത്. 40 വർഷത്തിലധികം പറക്കൽ പരിചയമുള്ള പൈലറ്റാണ് മാരിയോ ലമാർ എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

വിമാനം കാണാതായ മേഖലയിലുള്ള മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും പ്രദേശവാസികളും തെരച്ചിലിന് സഹായിക്കണമെന്ന് കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചു. അപകടത്തിൽപ്പെട്ടവരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഉടനടി അധികൃതരെ വിവരമറിയിക്കണമെന്നും, തങ്ങളുടെ കുടുംബത്തിനായി പ്രാർത്ഥിക്കണമെന്നും മാരിയോ ലമാറിന്റെ കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചു. റെഡ് ബേസ് കേന്ദ്രീകരിച്ച് ബഹാമാസ് പോലീസും കോസ്റ്റ് ഗാർഡും വിപുലമായ തെരച്ചിൽ തുടരുകയാണ്.

Also Read

More Stories from this section

family-dental
witywide