
ലണ്ടൻ: ലോകമെമ്പാടുമുള്ള സർവ്വകലാശാലകളിൽ ഉപയോഗിക്കുന്ന ‘ക്യാൻവാസ്’ ലേണിംഗ് സോഫ്റ്റ്‌വെയറിന് നേരെയുണ്ടായ വൻ സൈബർ ആക്രമണത്തിന് പിന്നാലെ, മോഷ്ടിച്ച വിവരങ്ങൾ നശിപ്പിക്കാൻ ഹാക്കർമാർക്ക് പണം നൽകി നിർമ്മാതാക്കളായ ഇൻസ്ട്രക്ചർ. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, യുകെ എന്നിവിടങ്ങളിലെ ഒൻപതിനായിരത്തോളം സർവ്വകലാശാലകളെയും കോളേജുകളെയും ബാധിച്ച ഈ ആക്രമണം വിദ്യാഭ്യാസ മേഖലയിൽ വലിയ തടസ്സമാണ് സൃഷ്ടിച്ചത്. ‘ഷൈനി ഹണ്ടേഴ്‌സ്’ എന്ന കുപ്രസിദ്ധ ഹാക്കർ ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിൽ.
സർവ്വകലാശാലകളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നുമായി മോഷ്ടിച്ച 3.5 ടെറാബൈറ്റ് വിവരങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഹാക്കർമാർ ഭീഷണിപ്പെടുത്തിയിരുന്നു. ബിറ്റ്കോയിൻ രൂപത്തിലാണ് ഇവർ മോചനദ്രവ്യം ആവശ്യപ്പെട്ടത്. വിവരങ്ങൾ നശിപ്പിച്ചുവെന്ന ‘ഡിജിറ്റൽ സ്ഥിരീകരണം’ ലഭിച്ചതായും വിദ്യാർത്ഥികളെ ഇനിയാരും ഭീഷണിപ്പെടുത്തില്ലെന്ന് ഉറപ്പുണ്ടെന്നും ഇൻസ്ട്രക്ചർ അറിയിച്ചു.
അമേരിക്കയിലെ മിസിസിപ്പി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഓബ്രി പാമർ എന്ന വിദ്യാർത്ഥിയുടെ അനുഭവം ഈ ആക്രമണത്തിൻ്റെ ആഘാതം വ്യക്തമാക്കുന്നു. 2,900 വാക്കുകളുള്ള പരീക്ഷാ ഉപന്യാസം എഴുതി പൂർത്തിയാക്കിയ ഉടൻ കമ്പ്യൂട്ടർ സ്ക്രീനിൽ ഹാക്കർമാരുടെ സന്ദേശം തെളിയുകയായിരുന്നു. “ഷൈനി ഹണ്ടേഴ്‌സ് ഇൻസ്ട്രക്ചറിനെ വീണ്ടും ഹാക്ക് ചെയ്തിരിക്കുന്നു” എന്നായിരുന്നു സന്ദേശം. ഇതേത്തുടർന്ന് പലയിടങ്ങളിലും പരീക്ഷകൾ മാറ്റിവയ്ക്കേണ്ടി വന്നു.
സൈബർ കുറ്റവാളികൾക്ക് പണം നൽകുന്നത് ഭാവിയിൽ ഇത്തരം ആക്രമണങ്ങൾക്ക് വളമിടുമെന്നാണ് നിയമപാലകർ പറയുന്നത്. പണം നൽകിയാലും ഹാക്കർമാർ ഡാറ്റ നശിപ്പിക്കുമെന്ന് ഉറപ്പില്ല. ഇതിനുമുമ്പ് ‘ലോക്ക്ബിറ്റ്’ എന്ന ഹാക്കർ ഗ്രൂപ്പിന് പണം നൽകിയിട്ടും അവർ ഡാറ്റ സൂക്ഷിച്ചുവെച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഉപഭോക്താക്കളുടെ സമാധാനത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് ഇൻസ്ട്രക്ചർ വ്യക്തമാക്കി.
ഇൻസ്ട്രക്ചറിനെ തങ്ങൾ മുൻപും ഹാക്ക് ചെയ്തിട്ടുണ്ടെന്ന് ഷൈനി ഹണ്ടേഴ്‌സ് വെളിപ്പെടുത്തിയതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. 2025 സെപ്റ്റംബറിലും 2026 ഏപ്രിലിലും കമ്പനി ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ജാഗ്വാർ ലാൻഡ് റോവർ, ഗുച്ചി തുടങ്ങിയ വൻകിട ബ്രാൻഡുകളെയും ഇവർ മുൻപ് ലക്ഷ്യമിട്ടിരുന്നു.
Canvas data leak: Company paid hackers to destroy student data















