സൈനിക താവളങ്ങൾക്ക് നേരെ യുഎസിന്റെ ഏഴ് മണിക്കൂറോളം നീണ്ടുനിന്ന വ്യോമാക്രമണ പരമ്പര; 7 ഇറാൻ സൈനികർ കൊല്ലപ്പെട്ടു

ടെഹ്റാൻ: ഇറാന്റെ തെക്കുകിഴക്കൻ നഗരമായ ബാംപൂരിലെ സൈനിക താവളത്തിന് നേരെ അമേരിക്ക നടത്തിയ ശക്തമായ രാത്രികാല വ്യോമാക്രമണത്തിൽ കുറഞ്ഞത് ഏഴ് ഇറാൻ സൈനികർ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു.

കൊല്ലപ്പെട്ടവരിൽ ഇറാന്റെ കരസേനയിലെ ആക്റ്റീവ് ഡ്യൂട്ടിയിലുള്ള ജീവനക്കാരും നിർബന്ധിത സൈനിക സേവനത്തിന്റെ ഭാഗമായിരുന്നവരും ഉൾപ്പെടുന്നു. ആക്രമണത്തിൽ പരിക്കേറ്റ നിരവധി സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബാംപൂരിലെ സൈനിക താവളത്തിനുള്ളിലെ ബാരക്കുകൾ, സൈനികരുടെ താമസസൗകര്യങ്ങൾ, കാവൽ പോസ്റ്റുകൾ, ഒരു ഗസ്റ്റ് ഹൗസ് എന്നിവ ലക്ഷ്യമിട്ടായിരുന്നു അമേരിക്കൻ ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയത്. പ്രാദേശിക സമയം അർദ്ധരാത്രിയോടെ ബാംപൂരിൽ ശക്തമായ നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാന്റെ ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

മേഖലയിൽ തുടർച്ചയായി ഏഴ് മണിക്കൂറോളം നീണ്ടുനിന്ന വ്യോമാക്രമണ പരമ്പരയിൽ ഇറാന്റെ ഡസൻ കണക്കിന് തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. യുഎസ്-ഇറാൻ വെടിനിർത്തൽ കരാർ തകർന്നതിനെത്തുടർന്ന് ഹോർമുസ് കടലിടുക്കിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധസാഹചര്യം അത്യന്തം വഷളായ പശ്ചാത്തലത്തിലാണ് ഈ വൻ സൈനിക നീക്കം നടന്നിരിക്കുന്നത്.

Also Read

More Stories from this section

family-dental
witywide