
കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടൻ ടിനി ടോമിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തതിനെ തുടർന്നാണ് ടിനി ടോം മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 13-ന് കടവന്ത്ര റീജിയണൽ സ്പോർട്സ് സെൻ്ററിൽ വെച്ച് നടന്ന താരസംഘടനയായ ‘അമ്മ’യുടെ കുടുംബയോഗ റിഹേഴ്സലിനിടെയാണ് പരാതിക്കാസ്പദമായ സംഭവം ഉണ്ടാകുന്നത്. ടിനി ടോം തനിക്കെതിരെ പരസ്യമായി അശ്ലീല-ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും, ‘ജിഹാദി’, ‘മതതീവ്രവാദി’ എന്ന് വിളിച്ച് ആക്ഷേപിച്ചെന്നുമാണ് അൻസിബയുടെ പരാതി. കൂടാതെ അൻസിബ സ്വന്തം ഡ്രൈവറെ മതംമാറ്റാൻ ശ്രമിച്ചുവെന്ന രീതിയിൽ വ്യാജപ്രചാരണം നടത്തിയതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്.
ആദ്യഘട്ടത്തിൽ പരാതി അന്വേഷിച്ച കടവന്ത്ര പൊലീസ്, ടിനി ടോം അൻസിബയെ ജിഹാദിയെന്ന് വിളിച്ചത് തമാശയ്ക്കായിരുന്നു എന്ന് കാണിച്ച് കേസ് എടുക്കാൻ കഴിയില്ലെന്ന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ട് തള്ളിയ കോടതി, പരാതിയിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് നിരീക്ഷിക്കുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ പൊലീസിന് നിർദ്ദേശം നൽകുകയുമായിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ, മതസ്പർദ്ധ വളർത്താൻ ശ്രമിക്കൽ തുടങ്ങിയ ഗൗരവമേറിയ വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിട്ടുള്ളത്. നിലവിൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യത്തിൽ ടിനി ടോമിന് അറസ്റ്റിൽ നിന്നും താൽക്കാലിക ആശ്വാസം ലഭിക്കും.
Kadavanthra police registers case on Ansiba’s complaint; Tini Tom granted anticipatory bail











