
ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയമായ തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട അതീവ രഹസ്യ രേഖകൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്. പ്രമുഖ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് വിവരം പുറത്തുവിട്ടത്. ‘വേൾഡ് ലീക്സ്’ എന്ന റാൻസംവെയർ ഹാക്കർ ഗ്രൂപ്പാണ് ഈ വിവരങ്ങൾ ചോർത്തിയത്. ആണവനിലയത്തിൻ്റെ കരാർ കമ്പനികളിലൊന്നായ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിൽ നിന്നുള്ള ഫയലുകളാണ് ഇവയെന്നാണ് ഹാക്കർമാർ അവകാശപ്പെടുന്നത്.
നിലയത്തിൻ്റെ ബ്ലൂപ്രിൻ്റുകൾ, സപ്പോർട്ട് സിസ്റ്റങ്ങൾ, വിതരണക്കാരുടെ വിവരങ്ങൾ, പരിശോധനാ റെക്കോർഡുകൾ, ഇൻഷുറൻസ് പോളിസികൾ എന്നിവയടങ്ങുന്ന ഏകദേശം 19,000 അതീവ തന്ത്രപ്രധാനമായ ഫയലുകളാണ് പുറത്തായിരിക്കുന്നത്. മൂന്നാം കക്ഷി ഡാറ്റാ സെൻ്റർ സേവനദാതാക്കളായ യോട്ട ഹോസ്റ്റ് ചെയ്ത സെർവറിൽ ഭാഗികമായ ഡാറ്റാ ലംഘനം ഉണ്ടായതായി റിലയൻസ് ഗ്രൂപ്പ് സ്ഥിരീകരിച്ചു.
റഷ്യയുടെ ഉടമസ്ഥതയിലുള്ള റോസാറ്റം വിതരണം ചെയ്യുന്ന ആണവ റിയാക്ടറുകളുടെ പ്രധാന നിയന്ത്രണ സംവിധാനങ്ങളെ ഈ ചോർച്ച ബാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന യൂണിറ്റ് 3, യൂണിറ്റ് 4 എന്നിവയുടെ വെൻ്റിലേഷൻ, കൂളിംഗ് സിസ്റ്റങ്ങളുടെ ബ്ലൂപ്രിൻ്റുകളും ‘കോമൺ കൺട്രോൾ റൂമിൻ്റെ’ ഫ്ലോർ പ്ലാനുമാണ് ചോർന്നത്. ശത്രുക്കൾക്ക് ആണവനിലയത്തിൻ്റെ സുരക്ഷാ ശൃംഖലയിലെ ബലഹീനതകൾ കണ്ടെത്താൻ ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യാനാകുമെന്ന് ആണവ സുരക്ഷാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയുടെ പ്രധാന സൈബർ സുരക്ഷാ ഏജൻസിയായ സെർട്ട്-ഇൻ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൂടംകുളം ആണവനിലയത്തിന് നേരെ ഉണ്ടാകുന്ന രണ്ടാമത്തെ സൈബർ സുരക്ഷാ വീഴ്ചയാണിത്. നേരത്തെ 2019-ൽ വടക്കൻ കൊറിയൻ ഹാക്കർമാരുമായി ബന്ധമുള്ള മാൽവെയർ നിലയത്തിൻ്റെ അഡ്മിനിസ്ട്രേറ്റീവ് നെറ്റ്‌വർക്കിൽ കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ കോർപ്പറേറ്റ് സൈബർ സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മകളിലേക്ക് വിരൽ ചൂണ്ടുന്നതാണ് പുതിയ സംഭവം.
Nuclear security lapse shocks the country; Blueprints of Kudankulam plant leaked, files of Anil Ambani’s Reliance Group on the dark web












