
ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും വെടിനിർത്തൽ കരാറുകൾ ലംഘിക്കുന്ന പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ സാധിക്കില്ലെന്ന് ഇറാൻ. ഇറാൻ്റെ പ്രധാന ചർച്ചാ പ്രതിനിധിയായ മുഹമ്മദ് ബാഗർ ഗാലിബാഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കൻ നാവികസേന ഇറാനിയൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ആഗോള സമ്പദ്‌വ്യവസ്ഥയെ ബന്ദിയാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാകിസ്ഥാനിൽ ഈ ആഴ്ച നടക്കേണ്ടിയിരുന്ന സമാധാന ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ചർച്ചകൾക്ക് നേതൃത്വം നൽകേണ്ട യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് ഇപ്പോഴും അമേരിക്കയിൽ തന്നെ തുടരുകയാണ്. അതിനിടെ, കാലാവധി അവസാനിക്കാനിരുന്ന യുഎസ്-ഇറാൻ വെടിനിർത്തൽ കരാർ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അനിശ്ചിതകാലത്തേക്ക് നീട്ടിയിട്ടുമുണ്ട്. എന്നാൽ ഇറാന് മേലുള്ള നാവിക ഉപരോധം തുടരുമെന്നാണ് ട്രംപ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഹോർമുസ് കടലിടുക്കിൽ വെച്ച് ‘എംഎസ്‌സി ഫ്രാൻസെസ്ക’, ‘എപ്പാമിനോണ്ടാസ്’ എന്നീ രണ്ട് ചരക്ക് കപ്പലുകൾ ഇറാൻ റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു. അനുമതിയില്ലാതെ സഞ്ചരിച്ചതിനും നാവിക നിയമങ്ങൾ ലംഘിച്ചതിനുമാണ് നടപടിയെന്ന് ഇറാൻ അറിയിച്ചു.
ഗ്രീക്ക് ഉടമസ്ഥതയിലുള്ള ‘എപ്പാമിനോണ്ടാസ്’ എന്ന കപ്പലിന് നേരെ ആക്രമണം നടന്നതായി ഗ്രീക്ക് വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചു. ‘യൂഫോറിയ’ എന്ന മറ്റൊരു കപ്പലിന് നേരെയും ആക്രമണ ശ്രമമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഇറാൻ ചർച്ചകൾക്ക് തയ്യാറാണെന്ന് പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ അറിയിച്ചിട്ടുണ്ടെങ്കിലും, ഉപരോധവും ഭീഷണികളും നിലനിൽക്കുന്നിടത്തോളം ചർച്ചകൾ ഫലപ്രദമാകില്ലെന്നാണ് ഇറാൻ്റഎ നിലപാട്.
Ceasefire violation: Iran says it will not open Strait of Hormuz; peace talks in limbo















