
ന്യൂഡൽഹി: രാജ്യത്ത് പരീക്ഷാ തട്ടിപ്പുകളും ചോദ്യപേപ്പർ ചോർച്ചയും വലിയ വിവാദമായിരിക്കുന്ന പശ്ചാത്തലത്തിൽ, സ്വകാര്യ കോച്ചിംഗ് സെൻ്ററുകളുടെ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ കടുത്ത വ്യവസ്ഥകളോടെ പുതിയ ദേശീയ നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച ഒമ്പതംഗ സമിതി സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ നിയമനിർമാണം.
പുതിയ നിയമപ്രകാരം കോച്ചിംഗ് സെൻ്ററുകൾ തങ്ങളുടെ അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയും സ്ഥാപനത്തിൻ്റെ യഥാർത്ഥ വിജയനിരക്കും നിർബന്ധമായും പൊതുജനമധ്യത്തിൽ വെളിപ്പെടുത്തണം. പ്രവേശന പരീക്ഷകളിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെ തങ്ങളുടെ കുട്ടികളായി കാണിച്ച് വഞ്ചനാപരമായ പരസ്യങ്ങൾ നൽകുന്ന ‘ടോപ്പർ പരസ്യ രീതികൾക്ക്’ ഇതോടെ പൂർണ്ണ നിരോധനമുണ്ടാകും.
16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കോ പത്താം ക്ലാസ് പൂർത്തിയാക്കാത്തവർക്കോ കോച്ചിംഗ് സെൻ്ററുകളിൽ പ്രവേശനം നൽകാൻ പാടില്ല. സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രതിദിനം പരമാവധി 2 മുതൽ 3 മണിക്കൂർ വരെ മാത്രമേ കോച്ചിംഗ് ക്ലാസുകൾ നൽകാൻ പാടുള്ളൂ. കടുത്ത മത്സര പരീക്ഷകൾക്കായുള്ള തീവ്ര കോച്ചിംഗുകൾ വിദ്യാർത്ഥികൾ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയതിന് ശേഷം മാത്രമേ നൽകാവൂ.
വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ എല്ലാ സ്ഥാപനങ്ങളിലും കൗൺസിലിംഗ് സംവിധാനം നിർബന്ധമാക്കും. ഫീസ് ഘടന സുതാര്യമായിരിക്കണം. കോഴ്സ് പാതിവഴിയിൽ ഉപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് ബാക്കി തുക തിരികെ നൽകാനുള്ള വ്യക്തമായ റീഫണ്ട് നയം ഉണ്ടായിരിക്കണം.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഈ നിർദ്ദേശങ്ങൾ സംബന്ധിച്ച നിയമത്തിൻ്റെ കരട് തയ്യാറാക്കി വരികയാണ്. ജെഇഇ, നീറ്റ്, സിയുഇടി തുടങ്ങിയ മത്സര പരീക്ഷകളിലെ പരീക്ഷാ പരിഷ്കാരങ്ങളുടെ ഭാഗമായിട്ടാണ് പുതിയ നിയന്ത്രണങ്ങൾ വരുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് വലിയ തുക പിഴ ചുമത്താനും രജിസ്ട്രേഷൻ റദ്ദാക്കാനും വ്യവസ്ഥയുണ്ടാകും.
Center to shut down coaching centers; National law coming, teachers’ information and success rate to be disclosed















