
ധാക്ക: ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശത്തിൻ്റെ മറവിൽ ബംഗ്ലാദേശിൽ നിരോധിത അന്താരാഷ്ട്ര ഭീകര സംഘടനകളുടെ പതാകകൾ വ്യാപകമായി പ്രത്യക്ഷപ്പെടുന്നതായി റിപ്പോർട്ട്. രാജ്യത്തെ കായികപ്രേമികൾ ഉയർത്തിയ ബ്രസീൽ, അർജൻ്റീന പതാകകൾക്കൊപ്പം കറുപ്പും വെളുപ്പും നിറത്തിലുള്ള ‘കലിമ’ പതാകകളും നഗരങ്ങളിൽ പ്രത്യക്ഷപ്പെട്ടത് സുരക്ഷാ ഏജൻസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഐഎസ്, അൽ-ഖ്വായ്ദ തുടങ്ങിയ ഭീകര സംഘടനകൾ ഉപയോഗിക്കുന്ന തരത്തിലുള്ള പതാകകളാണ് ഇവ.
ജൂൺ 17-ന് തലസ്ഥാനമായ ധാക്കയിലെ ഒരു ഫ്ലൈഓവറിലാണ് ഈ പതാകകൾ ആദ്യമായി കാണപ്പെട്ടത്. തുടർന്ന് മിർപൂർ, ചട്ടോഗ്രാം, കോക്സ് ബസാർ, ഫരീദ്പൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലെ മേഖലകളിലേക്കും തിരക്കേറിയ റോഡുകളിലേക്കും ഇവ പടരുകയായിരുന്നു. ഈ പതാകകളേന്തി യുവാക്കൾ മോട്ടോർ സൈക്കിൾ റാലികളും മാർച്ചുകളും നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘ലാ ഇലാഹ ഇല്ലല്ലാഹ്’ (അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല) എന്ന അറബി വാക്യമുള്ള രണ്ട് തരം പതാകകളാണ് ഇവിടെ ഉയർന്നിട്ടുള്ളത്. വെളുത്ത പശ്ചാത്തലത്തിൽ കറുത്ത അക്ഷരങ്ങളുള്ള പതാക താലിബാൻ ഉപയോഗിക്കുന്നതാണ്. കറുത്ത പശ്ചാത്തലത്തിൽ വെളുത്ത അക്ഷരങ്ങളുള്ള രണ്ടാമത്തെ പതാകയാകട്ടെ ഐഎസ്, അൽ-ഖ്വായ്ദ, ഹിസ്ബ് ഉത്-തഹ്‌രീർ തുടങ്ങിയ സംഘടനകളുടേതാണ്.
ബംഗ്ലാദേശിൽ വിദേശ തീവ്രവാദ ഗ്രൂപ്പുകൾ സ്വാധീനം ഉറപ്പിക്കുന്നതിൻ്റെ തെളിവാണ് ഇതെന്നാണ് പ്രതിരോധ വിദഗ്ദ്ധരുടെ വിലയിരുത്തൽ. 2024-ലെ രാഷ്ട്രീയ അശാന്തിക്ക് ശേഷം, 2009-ൽ നിരോധിക്കപ്പെട്ട ‘ഹിസ്ബ് ഉത്-തഹ്‌രീർ’ എന്ന സംഘടന രാജ്യത്ത് പ്രവർത്തനം ശക്തമാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം ധാക്കയിലെ പ്രധാന മസ്ജിദിന് മുന്നിൽ ഇവർ നടത്തിയ ‘മാർച്ച് ഫോർ ഖിലാഫത്ത്’ റാലിയിൽ രണ്ടായിരത്തിലധികം പേർ പങ്കെടുത്തിരുന്നു.
നിലവിലെ സംഭവവികാസങ്ങൾക്ക് പിന്നിൽ ഹിസ്ബ് ഉത്-തഹ്‌രീർ ആണോ എന്ന് വ്യക്തമല്ലെങ്കിലും, ബംഗ്ലാദേശിലെ പുതിയ നീക്കങ്ങൾ അയൽരാജ്യമായ ഇന്ത്യയും അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. സംഭവത്തിൽ ബംഗ്ലാദേശ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Kalima flags appear in Bangladesh amid World Cup excitement; fears of ISIS, Al-Qaeda presence















