ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ലഭിച്ചിരുന്ന അമേരിക്കൻ ഉപരോധ ഇളവ് ഇന്ന് അവസാനിക്കും. ഇളവ് നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കയ്ക്ക് കത്ത് നൽകിയിരുന്നെങ്കിലും ഇതുവരെ അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. നിലവിലെ യുദ്ധസാഹചര്യത്തിൽ ഇറാന് സാമ്പത്തിക നേട്ടമുണ്ടാകുന്ന ഒരു നീക്കത്തോടും സഹകരിക്കേണ്ടെന്ന നിലപാടിലാണ് വാഷിംഗ്ടൺ. ഇതോടെ 23 വർഷം പഴക്കമുള്ള ഈ തന്ത്രപ്രധാന പദ്ധതിയിൽ നിന്ന് പിന്മാറണോ അതോ ഉപരോധം നേരിട്ട് മുന്നോട്ട് പോകണോ എന്ന പ്രതിസന്ധിയിലാണ് ഇന്ത്യ.
മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ വ്യാപാര കവാടമായാണ് ചബഹാർ തുറമുഖം അറിയപ്പെടുന്നത്. പാകിസ്താനെ ആശ്രയിക്കാതെ അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചരക്ക് നീക്കം നടത്താൻ ഈ തുറമുഖം സഹായിക്കുന്നു. പദ്ധതിയിൽ ഇതുവരെ 12 കോടി ഡോളറോളം ഇന്ത്യ നിക്ഷേപിച്ചിട്ടുണ്ട്. 2025 ഒക്ടോബർ മുതൽ വിദേശകാര്യ മന്ത്രാലയം അമേരിക്കയുമായി ചർച്ചകൾ നടത്തി വരികയായിരുന്നു. ഇതിനെത്തുടർന്നാണ് 2026 ഏപ്രിൽ 26 വരെ ഇളവ് അനുവദിച്ചിരുന്നത്.
ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ പോർട്ട്‌സ് ഗ്ലോബൽ ലിമിറ്റഡ് (IPGL) ആണ് തുറമുഖത്തിന്റെ നിയന്ത്രണം നിർവ്വഹിക്കുന്നത്. ഉപരോധം കടുക്കുകയാണെങ്കിൽ ഐപിജിഎല്ലിനുള്ള ഓഹരികൾ താൽക്കാലികമായി ഇറാനിയൻ കമ്പനിക്ക് കൈമാറുന്നതിനെക്കുറിച്ചും ആലോചനകളുണ്ട്. 2025 സെപ്റ്റംബറിലാണ് അമേരിക്ക ചബഹാറിന് മേൽ ആദ്യമായി ഉപരോധം ഏർപ്പെടുത്തിയത്. ഇന്ത്യയുടെ തന്ത്രപരമായ നീക്കങ്ങളെയും വ്യാപാര താൽപ്പര്യങ്ങളെയും ബാധിക്കുന്ന വിഷയമായതിനാൽ രാജ്യാന്തര തലത്തിൽ ഈ നീക്കം ഉറ്റുനോക്കപ്പെടുന്നു.
Chabahar Port in crisis: India’s US sanctions waiver expires today










