
ടെഹ്റാൻ: യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിൽ മാസങ്ങളോളം കുടുങ്ങിക്കിടന്ന ജപ്പാനുമായി ബന്ധമുള്ള പത്ത് ഭീമൻ കപ്പലുകൾ ഒടുവിൽ ഹോർമുസ് കടലിടുക്ക് കടക്കാൻ ആരംഭിച്ചു. 1.2 കോടി ബാരൽ ഓയിൽ വഹിക്കുന്ന ആറ് ഓയിൽ ടാങ്കറുകൾ, രണ്ട് കെമിക്കൽ ടാങ്കറുകൾ, ഒരു വാഹന വാഹിനി കപ്പൽ, ഒരു കണ്ടെയ്നർ കപ്പൽ എന്നിവയടങ്ങുന്ന വൻ വ്യൂഹമാണ് ഇപ്പോൾ യാത്ര പുനരാരംഭിച്ചിരിക്കുന്നത്. ഫെബ്രുവരി അവസാന വാരത്തിലും മാർച്ച് ആദ്യ വാരത്തിലുമായി സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച ക്രൂഡ് ഓയിലാണ് ഈ ടാങ്കറുകളിലുള്ളതെന്ന് പ്രമുഖ ഷിപ്പിംഗ് ഡാറ്റാ ഏജൻസിയായ എൽ.എസ്.ഇ.ജി വ്യക്തമാക്കുന്നു.
പ്രശസ്ത ജാപ്പനീസ് ഷിപ്പിംഗ് കമ്പനിയായ മിത്സുയി ഒ.എസ്.കെ ലൈൻസിന്റെ മേൽനോട്ടത്തിലുള്ളതാണ് ഈ കപ്പലുകളിൽ ഭൂരിഭാഗവും. കടലിടുക്ക് മുറിച്ചുകടക്കുമ്പോൾ തങ്ങളുടെ ജീവനക്കാരുടെയും ചരക്കുകളുടെയും കപ്പലുകളുടെയും സുരക്ഷയ്ക്കാണ് പരമപ്രധാന്യം നൽകുന്നതെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഇതോടൊപ്പം തന്നെ മറ്റൊരു സുപ്രധാന നീക്കത്തിൽ, ദക്ഷിണ കൊറിയൻ റിഫൈനറായ എസ്-ഓയിലിന് വേണ്ടി അസംസ്കൃത എണ്ണയുമായി പോയ വി.എൽ.സി.സി ലോംഗ് വിൻഡ് എന്ന ഭീമൻ ടാങ്കറും കഴിഞ്ഞ ശനിയാഴ്ച ഹോർമുസ് കടലിടുക്ക് പിന്നിട്ടതായി റിപ്പോർട്ടുകളുണ്ട്.
മാർച്ചിൽ സൗദിയിൽ നിന്നും രണ്ട് ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ സംഭരിച്ച ഈ ടാങ്കർ ജൂലൈ 26 ഓടെ ദക്ഷിണ കൊറിയയിലെ ഓൺസാനിൽ എത്തിച്ചേരുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. മേഖലയിലെ യുദ്ധാന്തരീക്ഷം അന്താരാഷ്ട്ര ചരക്കുനീക്കത്തെ എത്രത്തോളം പ്രതികൂലമായി ബാധിച്ചു എന്നതിന്റെ തെളിവാണ് മാസങ്ങളോളം നീണ്ട ഈ കാത്തിരിപ്പ്. വാർത്തകൾ തുടരുന്നു.














