നീറ്റിൽ രാഹുലിനൊപ്പം സമരമിരുന്നിട്ട് കേരളത്തിൽ കേസെടുക്കുന്നത് ശരിയോ? മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ്; കേസുകൾ പിൻവലിക്കാൻ കത്തയച്ചു

നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചവർക്കെതിരെ കേരളത്തിൽ എടുത്ത മുഴുവൻ കേസുകളും നിരുപാധികം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ അയ്യായിരത്തോളം ആളുകൾക്കെതിരെയാണ് സംസ്ഥാനത്ത് പോലീസ് കേസ് എടുത്തിട്ടുള്ളത്. വിദ്യാർത്ഥികളും യുവജനങ്ങളും സാംസ്കാരിക പ്രവർത്തകരുമടക്കമുള്ളവർ പങ്കെടുത്ത പ്രക്ഷോഭത്തിന് നേരെ നടന്ന പോലീസിന്റെ കടന്നാക്രമണത്തെയും കേസുകളെയും പ്രതിപക്ഷ നേതാവ് ശക്തമായി വിമർശിച്ചു. സമരം ഒത്തുതീർപ്പാക്കിയപ്പോൾ പ്രക്ഷോഭകർക്കെതിരായ കേസുകൾ പിൻവലിക്കാമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചിട്ടും, സംസ്ഥാനത്തെ യു.ഡി.എഫ്. സർക്കാർ അത്തരമൊരു തീരുമാനമെടുക്കാത്തത് ജനാധിപത്യവിരുദ്ധമാണെന്ന് കത്തിൽ പറയുന്നു. ഡൽഹിയിൽ രാഹുൽ ഗാന്ധിക്കൊപ്പം സമരമുഖത്ത് നിലയുറപ്പിച്ച മുഖ്യമന്ത്രി, സ്വന്തം സംസ്ഥാനത്ത് പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തത് തികച്ചും ഔചിത്യമില്ലായ്മയാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

പിണറായിയുടെ കത്ത്

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി വിദ്യാർഥികളും യുവാക്കളും നടത്തിയ ഐതിഹാസികമായ പ്രക്ഷോഭം രാജ്യത്തിന്‍റെ പൊതു മനഃസാക്ഷിയുടെയാകെ പിന്തുണ ആര്‍ജിച്ച ഒന്നായിരുന്നുവല്ലോ. കേരളവും ഒറ്റക്കെട്ടായാണ് ആ സമരത്തിന് പിന്തുണ നല്‍കുകയും അതിന്‍റെ ഭാഗമാവുകയും ചെയ്തത്. സമരം ഒത്തുതീര്‍ന്നപ്പോള്‍ മറ്റ് ആവശ്യങ്ങള്‍ക്കൊപ്പം പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. സമരത്തിന്‍റെ പേരില്‍ മറ്റ് പീഡനങ്ങള്‍ ഉണ്ടാവില്ല എന്നും ഉറപ്പ് നല്‍കി. എന്നാല്‍, ആ വിദ്യാര്‍ത്ഥി മുന്നേറ്റത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പല ജില്ലകളിലും പൊലിസ് കേസെടുത്തിട്ടുണ്ട്. ഈ കേസുകള്‍ പിന്‍വലിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സമാധാനപരമായി സമരത്തില്‍ ഭാഗഭാക്കായ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും യുവാക്കള്‍ക്കെതിരെയും ഡല്‍ഹിയിലേതിന് സമാനമായി സംസ്ഥാനത്ത് ജലപീരങ്കികളും ലാത്തിച്ചാര്‍ജ്ജും ഉണ്ടായി. അതിന്‍റെ തുടര്‍ച്ചയായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാരിന്‍റെ നിലപാട് തികച്ചും ജനാധിപത്യവിരുദ്ധമായിപ്പോയി. ദില്ലിയില്‍ അവസാനഘട്ടത്തില്‍ മുഖ്യമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവിനൊപ്പം പ്രതിഷേധസമരത്തിനോട് അവിടെ ഐക്യപ്പെട്ടെങ്കിലും അങ്ങ് നേതൃത്വം നല്‍കുന്ന കേരളത്തിലെ സര്‍ക്കാര്‍, ദില്ലി സമരത്തിന് പിന്തുണ നല്‍കിക്കൊണ്ട് ഒത്തുചേര്‍ന്നവര്‍ക്കെതിരെ വ്യാപകമായി കേസെടുത്തത് ഔചിത്യപരമല്ല എന്ന് സൂചിപ്പിക്കുകയാണ്. സമാധാനപരമായി നടന്ന പ്രതിഷേധങ്ങളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും ഭാഗമായവര്‍ക്ക് എതിരെ പോലും കള്ളക്കേസുകള്‍ വന്നിരിക്കുന്നു എന്നത് അങ്ങേയറ്റം അപലപനീയമാണ്. എറണാകുളത്ത് പ്രതിഷേധവുമായി ഒത്തുകൂടിയ റാപ്പര്‍ വേടനും സംഘത്തിനുമെതിരെ കേസെടുത്തതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പോലും വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറായ സാഹചര്യത്തില്‍, കേന്ദ്ര സര്‍ക്കാരിനെതിരെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ പ്രതികളാക്കി കേരളത്തില്‍ എടുത്ത കേസുകള്‍ തുടരുന്നത് ഉചിതമല്ല. വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്‍റെ പേരില്‍ കേരള പൊലീസ് ചുമത്തിയിട്ടുള്ള മുഴുവന്‍ കേസുകളും നിരുപാധികം പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Withdraw Cases Against Solidarity Protests: Pinarayi Vijayan Writes to CM

More Stories from this section

family-dental
witywide