
വാഷിംഗ്ടൺ: അയോവയിലെ സൈനിക കേന്ദ്രത്തിൽ അമേരിക്കൻ സൈന്യം നടത്തിയ വൻതോതിലുള്ള രാസവസ്തു സ്ഫോടനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ യു.എസ്. ജനപ്രതിനിധി മാർജോറി ടെയ്ലർ ഗ്രീൻ. സ്ഫോടനത്തിന് ഉത്തരവിട്ട പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെയും ജയിലിലടക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ബുധനാഴ്ച രാവിലെ അയോവയിലെ മിഡിൽടൗണിലുള്ള ആർമി അമ്മ്യൂണിഷൻ പ്ലാന്റിലാണ് അഞ്ചു ടണ്ണോളം (9,700 പൗണ്ട്) വരുന്ന പഴയ ലെഡ് അസൈഡ് സൈന്യം സ്ഫോടനത്തിലൂടെ നശിപ്പിച്ചത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സി’ലൂടെയും ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയുമാണ് ട്രംപ് ഭരണകൂടത്തിനെതിരെ ഗ്രീൻ ആഞ്ഞടിച്ചത്. ഈ നീക്കം ഒരു ‘ചെർണോബിൽ ദുരന്തത്തിന്’ തുല്യമാണെന്നും, പ്രദേശത്തെ കൃഷിഭൂമിയെയും ജലസ്രോതസ്സുകളെയും കന്നുകാലികളെയും മനുഷ്യരെയും ഇത് വിഷമയമാക്കുമെന്നും അവർ ആരോപിച്ചു.
“വിദേശ യുദ്ധങ്ങൾക്കായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്ന ഭരണകൂടം, അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു ‘ഡേർട്ടി ബോംബ്’ പൊട്ടിക്കുന്നത് തടയാൻ ഒരു പൈസ പോലും ചെലവഴിക്കുന്നില്ല. താങ്ക്സ്ഗിവിംഗ് ദിനത്തിന് തൊട്ടുമുമ്പ് ജനങ്ങളെ വിഷലിപ്തമാക്കാനാണ് ഇവർ ശ്രമിക്കുന്നത്. അമേരിക്കൻ ജനത ഇവർക്കെതിരെ കേസ് കൊടുക്കുകയും ഇവരെ ജയിലിലടക്കുകയും വേണം,” ഗ്രീൻ കുറിച്ചു. സ്ഫോടനത്തിലൂടെ പുറത്തുവരുന്ന ലെഡ് ഗർഭിണികൾക്കും കുട്ടികൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും, വിഷപ്പുക മിസോറി വരെ എത്താൻ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.
അതേസമയം, സുരക്ഷാ കാരണങ്ങളാലാണ് നിയന്ത്രിത സ്ഫോടനം നടത്തിയതെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. 68 പഴയ ബാരലുകളിലായി സൂക്ഷിച്ചിരുന്ന ലെഡ് അസൈഡ് കാലപ്പഴക്കം കാരണം ക്രിസ്റ്റലൈസേഷൻ സംഭവിച്ച് അതീവ അപകടകരമായ അവസ്ഥയിലായിരുന്നു. ഇത് മാറ്റാനോ സംസ്കരിക്കാനോ ശ്രമിക്കുന്നത് വലിയ അപകടത്തിന് കാരണമാകുമായിരുന്നുവെന്നും, സ്വയം പൊട്ടിത്തെറിക്കുന്നതിനേക്കാൾ സുരക്ഷിതം നിയന്ത്രിത സ്ഫോടനമാണെന്നും ആക്ടിംഗ് ആർമി സെക്രട്ടറി ആദം ടെല്ലെ വ്യക്തമാക്കി.
സ്ഫോടനം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അടിയന്തര ഹർജി എട്ടാം സർക്യൂട്ട് അപ്പീൽ കോടതി തള്ളിയതിന് പിന്നാലെയാണ് സൈന്യം നടപടിയുമായി മുന്നോട്ട് പോയത്. വിഷാംശം പടരുന്നത് തടയാൻ പ്രത്യേക ബാരിയറുകൾ, ഫോം, ജെൽ, വൻതോതിലുള്ള വെള്ളം എന്നിവ ഉപയോഗിച്ചിരുന്നു. സ്ഫോടനത്തിന് ശേഷം നടത്തിയ പ്രാഥമിക പരിശോധനയിൽ അന്തരീക്ഷത്തിൽ ലെഡിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് യു.എസ്. പരിസ്ഥിതി സംരക്ഷണ ഏജൻസി അറിയിച്ചു. പ്രദേശത്തെ മണ്ണിലും വെള്ളത്തിലും വായുവിലും തുടർപരിശോധനകൾ നടക്കുകയാണ്.
Chemical explosion in Iowa: Marjorie Taylor Greene calls for the imprisonment of Trump and Hegseth















