
തിരുവനന്തപുരം: മന്ത്രിമാരുടെ വകുപ്പുവിഭജനത്തില്‍ തര്‍ക്കങ്ങളുണ്ടെന്ന കെ മുരളീധരന്റെ പരാമര്‍ശം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍. സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന ദിവസം രാത്രി തന്നെ വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണര്‍ സ്ഥലത്തില്ലെന്ന വിവരം ഇന്നലെയാണ് അറിയുന്നതെന്നും, തൃശൂരിലേക്ക് പോയിരുന്ന ഗവര്‍ണര്‍ രാത്രിയാണ് മടങ്ങിയെത്തിയത്. ഇന്ന് രാവിലെ തന്നെ വകുപ്പുകളുടെ പട്ടിക ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചുവെന്നും, വൈകിയെന്ന തരത്തിലുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ യുഡിഎഫ് തലത്തിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയായിരുന്നുവെന്നും, നിലവില്‍ യാതൊരു തര്‍ക്കവും നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ മുരളീധരന്റെ പരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് അത്തരമൊരു പ്രശ്നവുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
അതേസമയം, മന്ത്രിമാരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളുണ്ടെന്ന് മന്ത്രി കെ മുരളീധരന്‍ കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരുന്നു. ഉന്നത വിദ്യാഭ്യാസം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളെ ചൊല്ലി ചില ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും, അവ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഘടകകക്ഷികളുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ പാര്‍ട്ടിക്കകത്തും ചില ക്രമീകരണങ്ങള്‍ ആവശ്യമായി വരാമെന്നും മുരളീധരന്‍ സൂചിപ്പിച്ചിരുന്നു.














