അരവിന്ദ് കെജ്‌രിവാളിന് ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ വധഭീഷണി

മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ വധഭീഷണി. ഏഴ് കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടതായും ആം ആദ്മി പാർട്ടി (എഎപി) എംഎൽഎ നൽകിയ പരാതിയിൽ പറയുന്നു.ഡൽഹി നിയമസഭയിലെ തിലക് നഗർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജർണൈൽ സിങ്ങിനാണ് ഭീഷണി സന്ദേശങ്ങളും ഫോൺ കോളുകളും ലഭിച്ചത്. പണം നൽകിയില്ലെങ്കിൽ കെജ്‌രിവാളിനെയും മകളെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.

സംഭവത്തിൽ നവംബർ ആറിന് പഞ്ചാബിലെ മൊഹാലി സീനിയർ പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. കെജ്‌രിവാളിനും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം മൊഹാലി സൈബർ ക്രൈം വിഭാഗത്തിന് കൈമാറി. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോൺ രേഖകളും ഐപി വിവരങ്ങളും ലൊക്കേഷൻ വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സംഘം സിനിമാതാരങ്ങൾ, ഗായകർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയ പ്രമുഖരെ ലക്ഷ്യമിട്ട് ഭീഷണി മുഴക്കുന്നത് പതിവാണ്.

കഴിഞ്ഞ മാസം മുംബൈയിൽ നടൻ ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ വെടിവെപ്പുണ്ടായതും സംഘത്തിന്റെ പേരിൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ബിഷ്‌ണോയി സംഘത്തിലെ രണ്ട് പേരാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം സമൂഹമാധ്യമങ്ങളിലൂടെ ഏറ്റെടുത്തത്.നടന്മാരായ സൽമാൻ ഖാൻ, രൺവീർ സിങ്, ആമിർ ഖാൻ, സംവിധായകൻ രോഹിത് ഷെട്ടി എന്നിവരും നേരത്തെ സംഘത്തിന്റെ ലക്ഷ്യമായിരുന്നു. 2022 മേയിൽ പഞ്ചാബി ഗായകൻ സിദ്ദു മൂസേവാല കൊല്ലപ്പെട്ടിരുന്നു. 2024 ഒക്ടോബറിൽ മഹാരാഷ്ട്ര രാഷ്ട്രീയ നേതാവ് ബാബ സിദ്ദിഖും വെടിയേറ്റു മരിച്ചു.

ടൈഗർ ഷ്രോഫിനെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അനിൽ പണ്ഡിറ്റാണ് ഏറ്റെടുത്തത്. അമേരിക്കയിലുള്ള ബിഷ്‌ണോയിയുടെ അടുത്ത അനുയായി സത്വീന്ദർ സിങ് എന്ന ഗോൾഡി ബ്രാറിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് അനിൽ പണ്ഡിറ്റിന്റെ നീക്കമെന്നാണ് റിപ്പോർട്ട്. ഗോൾഡി ബ്രാറിനായി യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) തിരച്ചിൽ നടത്തിവരികയാണ്.

ലോറൻസ് ബിഷ്‌ണോയി ഓർഗനൈസ്ഡ് ക്രൈം ഗ്രൂപ്പ് (ഒസിജി) എന്നാണ് എഫ്ബിഐ ഈ സംഘത്തെ വിശേഷിപ്പിക്കുന്നത്. അന്താരാഷ്ട്ര അതിർത്തികൾ കടന്ന് പ്രവർത്തിക്കാനും വിദേശങ്ങളിൽനിന്ന് പ്രാദേശിക അക്രമികളെ റിക്രൂട്ട് ചെയ്യാനും പ്രമുഖരെ ഭീഷണിപ്പെടുത്തി വ്യവസായികളിൽനിന്ന് പണം തട്ടാനുമുള്ള ശേഷി സംഘത്തിനുണ്ടെന്നാണ് വിലയിരുത്തൽ.

Arvind Kejriwal gets death threat from Lawrence Bishnoi gang, case filed in Mohali

More Stories from this section

family-dental
witywide