ഫിലാഡൽഫിയയിൽ ഭീതി പരത്തി ‘ചക്കി മാസ്ക്’ അക്രമി; ആളുകളെ പിന്തുടരുന്നതായി പരാതി, പൊലീസ് അന്വേഷണം ഊർജിതമാക്കി

ഫിലാഡൽഫിയ: അമേരിക്കയിലെ ഫിലാഡൽഫിയ നഗരത്തിൽ പേടിപ്പെടുത്തുന്ന പാവയുടെ മുഖംമൂടി ധരിച്ച് ജനങ്ങളെ ഭയപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അജ്ഞാതനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. സിറ്റി ഹാളിന് സമീപം കഴിഞ്ഞ ആഴ്ചകളിൽ ഒട്ടനവധി ആളുകളെ ഇയാൾ ഭീഷണിപ്പെടുത്തുകയും പിന്നാലെ ഓടി പരിക്കേൽപ്പിക്കുകയും ചെയ്തതായി ഫിലാഡൽഫിയ പൊലീസ് ഡിപ്പാർട്ട്മെൻ്റ് വ്യക്തമാക്കി. പ്രശസ്ത ഹൊറർ സിനിമയായ ‘ചക്കി’യിലെ (Chucky) പാവയോട് സാദൃശ്യമുള്ള മാസ്കാണ് ഇയാൾ ധരിച്ചിരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 12-ന് പുലർച്ചെ 5:30-ഓടെയാണ് ഒടുവിലത്തെ സംഭവം റിപ്പോർട്ട് ചെയ്തത്. പതിവുപോലെ രാവിലെ ഓടാനിറങ്ങിയ ഒരു സ്ത്രീയുടെ പിന്നാലെ കൂടിയ അക്രമി, തൻ്റെ ഒരു കൈ പുറകിൽ ഒളിപ്പിച്ചുപിടിച്ച് ഭയപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുകയായിരുന്നു. ഇയാൾ “നീ മരിക്കാൻ തയ്യാറാണോ?” എന്ന് ചോദിച്ചതായി പൊലീസ് പറയുന്നു. പേടിച്ചോടിയ സ്ത്രീ വഴിയിൽ തെന്നിവീണ് പരിക്കേറ്റു. തുടർന്ന് പ്രതി സമീപത്തെ ഭൂഗർഭ റെയിൽവേ സ്റ്റേഷൻ വഴി ഓടി രക്ഷപ്പെടുകയായിരുന്നു.

ആക്രമണങ്ങൾ നടത്തുന്ന സമയത്ത് പ്രതി തൻ്റെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. അതുകൊണ്ടുതന്നെ ഇത് ഏതെങ്കിലും സോഷ്യൽ മീഡിയ ചാലഞ്ചുകളുടെയോ അല്ലെങ്കിൽ ‘പ്രാങ്ക്’ വീഡിയോകൾക്ക് വേണ്ടിയുള്ളതോ ആണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

പ്രതിക്കെതിരെ ജനങ്ങളെ ഭീകരമായി ഭീഷണിപ്പെടുത്തൽ, അക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. അക്രമിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

‘Chucky Mask’ attacker spreads terror in Philadelphia; Police intensify investigation after complaint of stalking people

More Stories from this section

family-dental
witywide