അതീവ രഹസ്യമായി സിഐഎ ഡയറക്ടറുടെ റഷ്യൻ സന്ദർശനം, 2 കാര്യങ്ങളിൽ പുടിന് വ്യക്തമായ മുന്നറിയിപ്പ്, സാധാരണ യാത്ര മാത്രമെന്ന് ട്രംപ്

മോസ്കോ: നാറ്റോ അംഗരാജ്യങ്ങളുടെ പ്രദേശങ്ങളിൽ സൈനിക ആക്രമണങ്ങൾ നടത്തരുതെന്ന് റഷ്യയ്ക്ക് കർശന മുന്നറിയിപ്പുമായി അമേരിക്കൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സി.ഐ.എ) ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് മോസ്കോ സന്ദർശിച്ചു. ഈ ആഴ്ച രഹസ്യമായി നടത്തിയ സന്ദർശനത്തിൽ, ഇറാന്റെ സാമ്പത്തിക ഭദ്രത തകർക്കാൻ അമേരിക്ക ശ്രമിക്കുന്ന പശ്ചാത്തലത്തിൽ, ടെഹ്റാനുള്ള സാമ്പത്തിക-സൈനിക പിന്തുണ നൽകുന്നത് റഷ്യ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി വിവരമുള്ള വൃത്തങ്ങൾ വ്യക്തമാക്കി.

യുക്രെയ്ൻ യുദ്ധം ഒരു നിർണ്ണായക തീരുമാനവുമില്ലാതെ തുടരുമ്പോൾ, വ്ലാഡിമിർ പുടിന്റെ നേതൃത്വത്തിലുള്ള റഷ്യ നാറ്റോയുടെ ക്ഷമ പരീക്ഷിച്ചേക്കാമെന്നും അയൽരാജ്യങ്ങളിലേക്ക് അതിക്രമിച്ചു കയറിയേക്കാമെന്നുമുള്ള ഭയം അമേരിക്കൻ-യൂറോപ്യൻ ഉദ്യോഗസ്ഥർക്കിടയിൽ ശക്തമായ സാഹചര്യത്തിലാണ് ഈ നീക്കം. ട്രംപ് ഭരണകൂടത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മോസ്കോ സന്ദർശിക്കുന്നത് മാസങ്ങൾക്ക് ശേഷമാണ്. നേരത്തെ 2021-ൽ ബൈഡൻ ഭരണകൂടത്തിന് കീഴിൽ അന്നത്തെ സി.ഐ.എ ഡയറക്ടർ വില്യം ബേൺസ് ഉക്രെയ്നിലേക്ക് പൂർണ്ണ തോതിലുള്ള അധിനിവേശം നടത്തരുതെന്ന് പുടിന് നേരിട്ട് മുന്നറിയിപ്പ് നൽകാൻ മോസ്കോയിലെത്തിയിരുന്നു. എന്നാൽ ഇതിന് മൂന്ന് മാസങ്ങൾക്ക് ശേഷം റഷ്യ ഉക്രെയ്നെതിരെ അധിനിവേശം ആരംഭിക്കുകയാണുണ്ടായത്.

അതേസമയം, നാറ്റോയെ റഷ്യ ആക്രമിച്ചേക്കുമെന്ന ഭയത്തിന്റെ അടിസ്ഥാനത്തിലാണോ റാറ്റ്ക്ലിഫ് മോസ്കോ സന്ദർശിച്ചത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് അത് നിഷേധിച്ചു. ബുധനാഴ്ച റേഡിയോ അഭിമുഖത്തിൽ സംസാരിക്കവെ, സി.ഐ.എ മേധാവിയുടെ റഷ്യൻ സന്ദർശനം തികച്ചും സ്വാഭാവികമായ ഒരു സാധാരണ യാത്ര മാത്രമായിരുന്നുവെന്നും ഉക്രെയ്നിലെ യുദ്ധം എത്രയും വേഗം അവസാനിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.

More Stories from this section

family-dental
witywide