പശ്ചിമേഷ്യയിൽ പ്രധാന ച‌ർച്ച ഹോർമുസിനെ ചൊല്ലി; ഖത്തർ പ്രധാനമന്ത്രി ടെഹ്റാനെത്തി, ഇറാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച

ദോഹ: ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ജാസിം അൽ താനി വ്യാഴാഴ്ച ഇറാൻ സന്ദർശിച്ച് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി കൂടിക്കാഴ്ച നടത്തി. ഒമാനും ഇറാനും തമ്മിൽ രൂപപ്പെട്ടുവരുന്ന പുതിയ ഹോർമുസ് കരാറിനെക്കുറിച്ച് ഇരു നേതാക്കളും വിശദമായ ചർച്ചകൾ നടത്തി. ഹോർമുസ് കടലിടുക്ക് വഴി ടെഹ്റാനും ഒമാനും ഇടയിൽ താൽക്കാലികമായി ആരംഭിക്കുന്ന ‘സംയുക്ത കപ്പൽ പാത’യെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തതായി ഖത്തർ വിദേശകാര്യ മന്ത്രാലയം എക്സിലൂടെ അറിയിച്ചു.

മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സംഘർഷങ്ങൾ ലഘൂകരിച്ച് ഉഭയകക്ഷി ചർച്ചകൾക്കുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളും യോഗത്തിന്റെ അജണ്ടയിലുണ്ടായിരുന്നു. തന്ത്രപ്രധാനമായ ഈ കടൽപ്പാതയിലെ മൈനുകൾ നീക്കം ചെയ്യുന്നതിന് ഇറാനും ഒമാനും മുന്നോട്ടുവെച്ച സംയുക്ത പദ്ധതിയുടെ ഭാഗമായുള്ള കാര്യങ്ങളും ഇരു നേതാക്കളും വിലയിരുത്തി.

അമേരിക്കയും ഇറാനും തമ്മിൽ നിശ്ചലമായ ചർച്ചകളിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ താൽക്കാലികമായി കപ്പൽ ഗതാഗതം സാധ്യമാക്കാൻ ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇറാനും ഒമാനും നിർദ്ദേശം തയ്യാറാക്കിയത്. ഘട്ടം ഘട്ടമായുള്ള പദ്ധതിയിലൂടെ ഇത് നടപ്പിലാക്കാനാണ് ഇരുകൂട്ടരുടെയും നീക്കം. ഈ കരാറിന് വൈകാതെ തന്നെ ഔദ്യോഗിക രൂപമാകുമെന്ന പ്രതീക്ഷ ഒമാൻ വിദേശകാര്യ മന്ത്രി പങ്കുവെച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കുന്നതിൽ പാകിസ്ഥാനൊപ്പം ഖത്തറും സജീവമായി രംഗത്തുണ്ട്.

More Stories from this section

family-dental
witywide