
വാഷിംഗ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സിലെ ജന്മാവകാശ പൗരത്വവും (Birthright Citizenship) വിദേശികളുടെ ‘ബർത്ത് ടൂറിസവും’ നിയന്ത്രിക്കുന്നതിനായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പുതിയ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവെച്ചു. യു.എസിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നൽകുന്ന മുൻ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി വിധി അതീവ നിർഭാഗ്യകരമാണെന്ന് വിശേഷിപ്പിച്ചാണ് ട്രംപ് പുതിയ നീക്കവുമായി രംഗത്തെത്തിയത്.
നിലവിലുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കാനും വ്യവസ്ഥകളിൽ ഇളവുകൾ പരിമിതപ്പെടുത്താനും ലക്ഷ്യമിട്ടാണ് വ്യാഴാഴ്ച പുതിയ ഉത്തരവുകൾ പുറപ്പെടുവിച്ചത്. കുടിയേറ്റക്കാരുടെ മക്കൾക്ക് പൗരത്വം നൽകുന്നത് പൂർണ്ണമായി നിരോധിക്കാൻ കഴിഞ്ഞ വർഷം ട്രംപ് ഉത്തരവിട്ടിരുന്നു. എന്നാൽ, അമേരിക്കൻ മണ്ണിൽ ജനിക്കുന്ന ഏവർക്കും പൗരത്വം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14-ാം ഭേദഗതി മുൻനിർത്തി സുപ്രീം കോടതി കഴിഞ്ഞ ജൂണിൽ ഈ ഉത്തരവ് റദ്ദാക്കുകയാണുണ്ടായത്. ഈ പശ്ചാത്തലത്തിലാണ് ഭരണകൂടം കൂടുതൽ പരിമിതമായ രീതിയിൽ പുതിയ ഉത്തരവുകൾ രൂപകൽപ്പന ചെയ്തത്.
വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ വ്യക്തമാക്കിയതനുസരിച്ച്, പുതിയ ഉത്തരവുകളിലൊന്ന് വിദേശ ഭീകര സംഘടനകളിലെ അംഗങ്ങൾ, ശത്രുരാജ്യങ്ങളിൽ നിന്നുള്ളവർ, വിദേശ ഗവൺമെന്റുകൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ എന്നിവരെയാണ് ലക്ഷ്യമിടുന്നത്. ഈ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് യു.എസിൽ ജനിക്കുന്ന കുട്ടികൾ ഇനി ജന്മാവകാശ പൗരത്വത്തിന് അർഹരായിരിക്കില്ല. പ്രസവിക്കാനും അതുവഴി കുട്ടികൾക്ക് യു.എസ് പൗരത്വം നേടിയെടുക്കാനും മാത്രമായി വിസയിലെത്തുന്നവരെ തടയാൻ രണ്ടാമത്തെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും മില്ലർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജൂൺ 30-ലെ ചരിത്രപ്രധാനമായ വിധിയിൽ, മാതാപിതാക്കൾ നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവരാണെങ്കിലും അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം ലഭിക്കുമെന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് തലവനായ ഭൂരിപക്ഷ ബെഞ്ച് വ്യക്തമാക്കിയിരുന്നു. വിദേശ നയതന്ത്രജ്ഞരുടെ മക്കൾക്കും, യുദ്ധകാലത്ത് രാജ്യം കൈയേറുന്ന ശത്രുക്കളുടെ മക്കൾക്കും മാത്രമാണ് ഇതിൽ മുൻപ് ഇളവുകൾ അനുവദിച്ചിരുന്നത്.അതേസമയം, കോടതിയിലെ കൺസെർവേറ്റീവ് ജഡ്ജിമാരായ ക്ലാരൻസ് തോമസ്, സാമുവൽ അലിറ്റോ എന്നിവർ അന്ന് ഈ വിധിയോട് ശക്തമായി വിയോജിച്ചിരുന്നു. സുപ്രീം കോടതിയുടെ മുൻവിധി ബർത്ത് ടൂറിസത്തിന് നിയമസാധുത നൽകുമെന്നായിരുന്നു ഇവരുടെ നിരീക്ഷണം. കോടതി വിധിയുടെ നിയമപരമായ പഴുതുകൾ ഉപയോഗിച്ചാണ് ട്രംപ് ഭരണകൂടം ഇപ്പോൾ ഈ പുതിയ എക്സിക്യൂട്ടീവ് ഉത്തരവുകൾ പാസാക്കിയിരിക്കുന്നത്.
Citizenship is not guaranteed even if you are born on American soil; Trump signs new executive orders to curb birthright citizenship and ‘birth tourism’















