
മോസ്കോ: ബഹിരാകാശ ചരിത്രത്തിൽ പുതിയൊരു സുവർണ്ണ അധ്യായം കുറിക്കാൻ മലയാളി സാന്നിധ്യം. ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടത്തിൻ്റെ തൊട്ടരുകിലാണ് നാസ ശാസ്ത്രജ്ഞനും അടിയന്തിര വിഭാഗം ഡോക്ടറുമായ ഡോ. അനിൽ മേനോൻ. കസാക്കിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് റഷ്യൻ ബഹിരാകാശ പേടകമായ സോയൂസ് എംഎസ് 29 ലാണ് അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) യാത്ര തിരിക്കുന്നത്.
റഷ്യൻ വ്യോമയാന ഏജൻസിയായ റോസ്‌കോസ്‌മോസിൻ്റെ കോസ്‌മോനട്ടുകളായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവരും ഈ ദൗത്യത്തിൽ അനിൽ മേനോനൊപ്പമുണ്ട്. മൂന്ന് പേരടങ്ങുന്ന സംഘം ബഹിരാകാശ നിലയത്തിൽ ഏകദേശം എട്ട് മാസത്തോളം (240 ദിവസങ്ങൾ) ചെലവഴിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഈ ദൗത്യത്തിനിടയിൽ മനുഷ്യശരീരത്തിൽ ദീർഘകാല ബഹിരാകാശവാസം ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പഠനങ്ങളും, ഭാവിയിലെ ചന്ദ്ര-ചൊവ്വാ ദൗത്യങ്ങൾക്ക് ആവശ്യമായ അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യകളുടെ പരീക്ഷണങ്ങളും ഡോ. അനിൽ മേനോൻ്റെ നേതൃത്വത്തിൽ നടക്കും.
യുഎസിലെ മിനിയാപൊളിസിൽ ഇന്ത്യൻ-യുക്രേനിയൻ ദമ്പതികളുടെ മകനായി ജനിച്ച അനിൽ മേനോൻ, യുഎസ് സ്പേസ് ഫോഴ്സിലെ കേണലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻപ് ഹിമാലയൻ റെസ്ക്യൂ അസോസിയേഷൻ്റെ ഭാഗമായി എവറസ്റ്റ് കൊടുമുടിയിലെ പർവതാരോഹകരെ ചികിത്സിച്ച പരിചയവും ഇദ്ദേഹത്തിനുണ്ട്. 2021-ലാണ് അനിൽ മേനോനെ നാസ തങ്ങളുടെ ബഹിരാകാശയാത്രികരുടെ സംഘത്തിലേക്ക് തിരഞ്ഞെടുത്തത്. പാതി മലയാളിയായ അനില്‍ മേനോന്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിലിൻ്റെ പിതാവ് ശങ്കരന്‍ മേനോന്‍. സ്പേസ് എക്സ് ജീവനക്കാരിയായ അന്നാ മേനോനാണ് അനിലിൻ്റെ ഭാര്യ. ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ട പരിശീലനങ്ങളുടെ അവസാന ഘട്ടത്തിലാണ് അനില്‍.
ഹാര്‍വാര്‍ഡില്‍ നിന്ന് ന്യൂറോബയോളജിയില്‍ ബിരുദം നേടിയ അനിൽ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ബിരുദവും മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സ്‌പേസ് എക്‌സിന്റെ ആദ്യത്തെ ഫ്ലൈറ്റ് സര്‍ജനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു. 2014ലാണ് അനില്‍ മേനോന്‍ നാസയില്‍ ഫ്ലൈറ്റ് സര്‍ജനായെത്തുന്നത്.
ഈ അപൂർവ്വ നേട്ടത്തോടെ, ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഇന്ത്യയ്ക്കും അഭിമാന നിമിഷങ്ങളാണ് സമ്മാനിക്കപ്പെടുന്നത്.
Dr. Anil Menon to become the first Malayali to go into space, Kerala awaits proud achievement












