സിജെപി പ്രതിഷേധം; ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെ അഭിജീത് ദീപ്കെയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് പൊലീസ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിക്കുമെതിരെ ജന്തർ മന്തറിൽ പ്രതിഷേധിക്കാനെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയെയും വക്താക്കളായ സൗരവ് ദാസിനെയും ആശുതോഷ് റങ്കയെയും ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച നടന്ന സംഭവത്തിൽ യാത്രക്കാർ വിമാനത്തിൽനിന്ന് ഇറങ്ങുന്നതിനു മുമ്പ് പൊലീസ് വിമാനത്തിനുള്ളിലേക്ക് കടക്കുന്ന ദൃശ്യങ്ങൾ സിജെപി പുറത്തുവിട്ടു.

പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് ദീപ്കെയും സംഘവും ഡൽഹിയിലെത്തിയത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദക്ഷിണപശ്ചിമ ഡൽഹി ജില്ലാ പൊലീസിന്റെ സംഘങ്ങളെ വിന്യസിച്ചിരുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. സിജെപിയുടെ നിയമകാര്യ വിഭാഗം മേധാവി രത്ന സിങ്ങിനെയും ശനിയാഴ്ച നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു.

സിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവച്ച വിഡിയോയിൽ വിമാനത്തിന്റെ പടിക്കെട്ടിലൂടെ പൊലീസ് ഉദ്യോഗസ്ഥർ അകത്തേക്ക് കയറുന്നതു കാണാം. പാർട്ടി നേതാക്കളെ കൊണ്ടുപോകാനാണ് പൊലീസ് എത്തിയിരിക്കുന്നതെന്ന് ദീപ്കെ വിഡിയോയിൽ പറയുന്നുണ്ട്. “ഞങ്ങൾ വിമാനം ഇറങ്ങിയതേയുള്ളൂ. എന്നാൽ, വിമാനത്തിനുള്ളിൽനിന്നുതന്നെ ഞങ്ങളെ കൊണ്ടുപോകാനാണ് പൊലീസ് ശ്രമിക്കുന്നത്,” മൂന്ന് മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയിൽ ദീപ്കെ പറയുന്നു. പൊലീസ് നേതാക്കൾ ഇരിക്കുന്ന ഭാഗത്തേക്ക് നീങ്ങുന്നതിനിടെ ദീപ്കെയും സംഘവും ‘ഭാരത് മാതാ കീ ജയ്’, ‘ഇൻക്വിലാബ് സിന്ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചു.

യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും ദീപ്കെ ആരോപിച്ചു. “അറസ്റ്റിലാകാനാണ് ഞാൻ ഇവിടെ വന്നത്,” എന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. മറ്റൊരു വിഡിയോയിൽ ദീപ്കെയെയും സംഘത്തെയും അറസ്റ്റ് ചെയ്യുകയല്ലെന്നും സഹകരിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നതു കേൾക്കാം. നേതാക്കളെ വിമാനത്തിൽനിന്ന് ഇറങ്ങിയ ഉടൻ കസ്റ്റഡിയിലെടുത്ത നടപടിയെ സിജെപി ശക്തമായി അപലപിച്ചു. സമാധാനപരമായ പ്രതിഷേധം നടക്കുന്ന സ്ഥലത്ത് എത്തുന്നതിനു മുമ്പുതന്നെ നേതൃത്വത്തെ തടയാനുള്ള ആസൂത്രിത നീക്കമാണിതെന്ന് പാർട്ടി പ്രസ്താവനയിൽ ആരോപിച്ചു. സഞ്ചാരസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിതെന്നും ദീപ്കെ, ദാസ്, റങ്ക എന്നിവരെ ഉടൻ നിരുപാധികം വിട്ടയക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.

അതേസമയം, ജർമനിയിൽനിന്ന് സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ യൂട്യൂബർ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വസതിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ രാത്രിയിലുടനീളം ആയിരത്തിലധികം പേരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. ഷഹീൻ ബാഗ്, ജാമിയ നഗർ എന്നിവിടങ്ങളിൽനിന്ന് 250ലധികം പേരെയും ബംഗ്ലാ സാഹിബ് ഗുരുദ്വാരയ്ക്ക് സമീപത്തുനിന്ന് 60ലധികം പേരെയും കസ്റ്റഡിയിലെടുത്തു. രാത്രി അവിടെ അഭയം തേടിയിരുന്ന പ്രതിഷേധക്കാരും പിടിയിലായവരിൽ ഉൾപ്പെടുന്നു.

Cockroach Janta Party founder Abhijeet Dipke and spokespersons Saurav Das and Ashutosh Ranka were detained seconds after landing in Delhi

More Stories from this section

family-dental
witywide