
ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എഐസിസിയുടെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ വൻ പ്രതിഷേധം നടക്കും. ഇന്ന് ഉച്ചയ്ക്ക് 1.30-ന് ന്യൂഡൽഹിയിലെ കോണാട്ട് പ്ലേസ്–ബാരാഖംബ റോഡ് ജംഗ്ഷനിലാണ് കോൺഗ്രസിന്റെ ‘ചലോ ഡൽഹി’ മാർച്ച് നിശ്ചയിച്ചിരിക്കുന്നത്.
പാർലമെന്റ് അംഗങ്ങൾ, നിയമസഭാംഗങ്ങൾ, പിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളോട് തിങ്കളാഴ്ച രാവിലെയോടെ തന്നെ ഡൽഹിയിൽ എത്താൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാത്രി മുതൽ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകർ 24 അക്ബർ റോഡിലെ പാർട്ടി ആസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
പ്രതിഷേധ മാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുപ്പതിനായിരത്തിലധികം പൊലീസുകാരെയും പാരാമിലിട്ടറി ഉദ്യോഗസ്ഥരെയുമാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുള്ളത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഡൽഹിയിലെ ആറ് പ്രധാന മെട്രോ സ്റ്റേഷനുകൾ അടച്ചിടാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ഉത്തരവിട്ടു. പട്ടേൽ ചൗക്ക്, ജൻപഥ്, രാജീവ് ചൗക്ക്, മണ്ഡി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ്, ബരാഖംബ റോഡ് എന്നീ സ്റ്റേഷനുകളിലെ പ്രവേശന കവാടങ്ങളും പുറത്തേക്കുള്ള വഴികളും രാവിലെ 6 മണി മുതൽ വൈകുന്നേരം 4 മണി വരെ അടഞ്ഞുകിടക്കും.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കൂടിക്കാഴ്ചയ്ക്കായി നൽകിയ അഭ്യർത്ഥന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഞായറാഴ്ച നിരസിച്ചു. കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകാത്തതിന്റെ കാരണം വ്യക്തമല്ല.
കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രതിഷേധങ്ങൾക്കിടെ ഡൽഹി പൊലീസ് അഭിഭാഷകരെ നിയമവിരുദ്ധമായി തടങ്കലിൽ വെയ്ക്കുകയും അമിത ബലപ്രയോഗം നടത്തുകയും ചെയ്തതിൽ പ്രതിഷേധിച്ച് ഡൽഹി ഹൈക്കോടതി ബാർ അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ച് ഇന്ന് കോടതിയിൽ ഹാജരാകുന്ന മുഴുവൻ അംഗങ്ങളും കറുത്ത റിബൺ ധരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. മർദ്ദനമേറ്റ സഹപ്രവർത്തകരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും പൊലീസിന്റെ അതിക്രമത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനുമാണ് ബാർ അസോസിയേഷന്റെ തീരുമാനം.
Congress’s ‘Chalo Delhi’ march at 1:30 PM; 30,000 police personnel deployed, high alert in the national capital.














