
നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടുമായി സിപിഐ മുന്നോട്ട്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇടതുമുന്നണിയിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പദവിയിൽ നിന്ന് യാതൊരു കാരണവശാലും പിന്നോട്ട് പോകേണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. പാർട്ടിയുടെ അഭിമാനം സിപിഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ലെന്നും അനാവശ്യമായി വിട്ടുവീഴ്ച ചെയ്ത് മുന്നണി ഐക്യം നിലനിർത്തേണ്ട സാഹചര്യമില്ലെന്നുമാണ് സിപിഐ വിലയിരുത്തൽ. പ്രതിപക്ഷ നിരയിലെ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായ തങ്ങൾക്ക് ഈ ഉപനേതൃപദവി ലഭിക്കണമെന്ന കടുംപിടിത്തത്തിലാണ് പാർട്ടി നേതൃത്വം.
വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി വ്യക്തമാക്കി. മുഖ്യമന്ത്രി കസേര പുല്ലുപോലെ വലിച്ചെറിഞ്ഞ ചരിത്രമുള്ള പാർട്ടിയാണ് സിപിഐ എന്നും, ആ പാർട്ടിക്ക് എൽഡിഎഫ് രാഷ്ട്രീയം നന്നായി അറിയാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പരസ്യമായി ആവശ്യപ്പെട്ട ഈ പദവിയുടെ കാര്യത്തിൽ പാർട്ടി നിലപാട് മാറ്റിയാൽ അത് മാധ്യമങ്ങളെ കൃത്യമായി അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സിപിഐയുടെ ഈ അവകാശവാദത്തെ പൂർണ്ണമായും തള്ളിക്കളയുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. പ്രതിപക്ഷ ഉപനേതൃപദവി സിപിഐക്ക് നൽകാനാവില്ലെന്ന കാര്യത്തിൽ സിപിഎം ഉറച്ചുനിൽക്കുന്നു.
ഇടതുമുന്നണി മുൻപ് പ്രതിപക്ഷത്തിരുന്ന കാലങ്ങളിലെല്ലാം ഉപനേതാവ് പദവി വഹിച്ചിരുന്നത് സിപിഎം തന്നെയാണെന്നുള്ള ശക്തമായ കീഴ്‌വഴക്കം ചൂണ്ടിക്കാട്ടിയാണ് അവർ നിലപാട് കടുപ്പിക്കുന്നത്. ഈ തർക്കത്തിന് പരിഹാരം കാണുന്നതിനായി കഴിഞ്ഞദിവസം ഇരുപാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ നേരിട്ട് നടത്തിയ ഉഭയകക്ഷി ചർച്ചയും പരാജയപ്പെട്ടിരുന്നു. ഇരുപക്ഷവും തങ്ങളുടെ വാദങ്ങളിൽ ഉറച്ചുനിൽക്കുന്നതോടെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള എൽഡിഎഫിലെ ആഭ്യന്തര കലഹം വരുംദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കും.
CPI firm on opposition deputy leader post, rejects compromises as rift with CPM widens












